
ചാരുംമൂട് : ഹാജർ പുസ്തകവുമായി ക്ലാസ് മുറിയിലെത്തിയ 'അദ്ധ്യാപിക'യെ കണ്ട് ആദ്യം കുട്ടികളമ്പരന്നു. ടീച്ചറായെത്തിയ സഹപാഠിയാകട്ടെ പരിഭ്രമമേതുമില്ലാതെ കൂട്ടുകാരോട് വിശേഷങ്ങൾ ചോദിച്ചറിയുകയും സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും ചെയ്തു.
പിന്നീട് പാട്ട് പാടിയും പാഠഭാഗങ്ങൾ പഠിപ്പിച്ചും ക്ലാസ്സ് മുറിയിൽ നിറഞ്ഞു .ഇടക്കുന്നം ഗവ.യു പി സ്കൂളിലാണ് അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ തന്നെ അദ്ധ്യാപകരായെത്തിയത്.
. ആൺകുട്ടികൾ മുണ്ടും ഷർട്ടും ധരിച്ചപ്പോൾ പെൺകുട്ടികളാകട്ടെ സാരിയും ബ്ലൗസും ധരിച്ചെത്തി.
ഡോ.എസ്. രാധാകൃഷ്ണന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചാണ് പരിപാടികൾ തുടങ്ങിയത്. സ്കൂൾ അസംബ്ലിയിൽ പ്രഥമാദ്ധ്യാപിക ടെസ്സി അന്ന തോമസ് അദ്ധ്യാപകദിന സന്ദേശം നൽകി.അദ്ധ്യാപകരായ സിനി, സുമയ്യ അൻസാർ, സൗമ്യ, ദിവ്യ, സംഗീത, സംഗീത, ഡോ. രേഖ, സുധീർഖാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.