അമ്പലപ്പുഴ: തെരുവു മക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തി ഭവൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ.170 ഓളം അന്തേവാസികളും 20 ഓളം ജീവനക്കാരുമാണ് ശാന്തി ഭവനിൽ ഉള്ളത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പകുതിയോളം ജീവനക്കാരെ അവധിയിൽ പ്രവേശിപ്പിച്ചു. അലവൻസും ശമ്പളവും മാത്രം 7 ലക്ഷത്തോളം രൂപ വേണം. വൈദ്യുതി ബിൽ, വെള്ളക്കരം, മരുന്നുകൾ എന്നിവയ്ക്കും വലിയ തുക വേണം. 3 ഡോക്ടർമാർ, 2 നഴ്സുമാർ , ഭക്ഷണം പാചകം ചെയ്യുന്നവർ, രോഗികളെ പരിചരിക്കുന്നവർ, ഓഫീസ് ജോലികൾ ചെയ്യുന്നവരെല്ലാം വേദനം പറ്റിയാണ് ജോലി ചെയ്യുന്നത്. തെരുവിൽ നിന്ന് പൊതു പ്രവർത്തകരും പൊലീസുമാണ് അന്തേവാസികളെ ഇവിടെ എത്തിക്കുന്നത്. സൗജന്യമായി സേവനം ചെയ്യാൻ സന്നദ്ധരായ പ്രവർവത്തകർ ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു.വിവാഹ സത്ക്കാരങ്ങളിൽ മിച്ചം വരുന്ന ഭക്ഷണം ശാന്തി ഭവനിൽ അറിയിച്ചാൽ ജീവനക്കാർ എത്തി ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫോൺ :9447403035.