ആലപ്പുഴ: നഗരത്തിലെ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിൽ തീപിടുത്തം. ആലപ്പുഴ നഗരസഭയ്ക്ക് സമീപം എം.ഒ വാർഡ് ന്യു ബസാറിൽ ബാസ് ഇലക്ട്രോണിക്‌സ് സർവീസ് സെന്ററിൽ ഇന്നലെ രാവിലെ 11ഓടെയാണ് അഗ്നിബാധയുണ്ടായത്. രാവിലെ ജീവനക്കാർ കട
തുറന്നെങ്കിലും, ഒരു ചടങ്ങിൽ പങ്കെടുക്കാൻ കട പൂട്ടി പോയിരുന്നു. ഈ സമയത്ത് കടയ്ക്കുള്ളിൽ നിന്ന് ശക്തമായ പുക ഉയരുന്നത് സമീപത്തെ വ്യാപാരികളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ കട ഉടമയെയും ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു. ശക്തമായ പുകയെ തുടർന്ന് അകത്ത് കടക്കാൻ പ്രയാസപ്പെട്ട അഗ്നിരക്ഷാസേന എക്‌സ് ഹോസ്റ്റ് ബ്ലോവർ ഉപയോഗിച്ച് പുക പുറത്തേക്ക് തള്ളിയാണ് കടയ്ക്കുളളിൽ കയറി തീയണച്ചത്. ആലപ്പുഴ ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റുകളായെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരനിരയായി ധാരാളം കടകളുള്ള സ്ഥലമാണ് ന്യൂബസാർ. കെട്ടിടങ്ങളിൽ ഭൂരിപക്ഷവും കാലപ്പഴക്കമുള്ളതാണ്. ഫയർ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ കാരണം തീ മറ്റ് സ്ഥാപനങ്ങളിലേക്ക് പടർന്നില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആലപ്പുഴ ഫയർ ആൻഡ് റസ്‌ക്യു സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.ജയസിംഹന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ആർ.അനിൽകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ശശി അഭിലാഷ്, എസ്.ശ്രീജിത്ത്, ജോബിൻ വർഗീസ്, പി.രതീഷ്, എ.ജെ.ബെഞ്ചമിൻ, കെ.ആർ.അനീഷ്, വി.പ്രശാന്ത്, ആർ.മഹേഷ്, വി.എസ്.പത്മകുമാർ, വി.വിനീഷ്, കെ.എസ്.ആൻറണി, വി.പ്രവീൺ, വി.സുഖിലാൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.