
ഹരിപ്പാട്: ത്രിവേണീസംഗമ സമാനവും ഹരിതമനോഹരവുമായ അപ്പർകുട്ടനാട്ടിലെ വീയപുരത്തെ വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി സർക്കാരിന്റെ നിസംഗത. ടൂറിസം മന്ത്രിമാരായിരുന്ന കൊടിയേരി ബാലകൃഷ്ണൻ, കെ.രാജു എന്നിവർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുകയും തുടർന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെട്ട് തുക അനുവദിക്കുകയും ചെയ്തിരുന്നു. ഇതോടെ നദീതീരം ഭിത്തി കെട്ടി സംരക്ഷിക്കുകയും കുളിക്കടവ്, യാർഡ് എന്നിവയും നിർമ്മിക്കുകയും ചെയ്തു. ചിൽഡ്രൻസ് പാർക്ക് പദ്ധതിയും ഏതാണ്ട് നടപ്പാക്കി. എന്നാൽ, എക്കോ ടൂറിസം പദ്ധതിപ്രകാരം സംരക്ഷിത വനത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന നദിക്ക് കുറുകെയുള്ള റോപ്പ് വേ സംവിധാനം, സഞ്ചാരികൾക്കുള്ള താമസ സംവിധാനം, കുട്ടവഞ്ചി സഞ്ചാരം തുടങ്ങിയവ എങ്ങുമെത്തിയില്ല. ഇതോടെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാസുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ് എന്നിവർ നവകേരളസദസിൽ വച്ച് മന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
പാഴാകുന്നത് സാദ്ധ്യതകൾ
1. പതിനാലര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വനംവകുപ്പിന്റെ സംരക്ഷിത വനമാണ് വീയപുരം പ്രദേശത്തിന്റെ പ്രധാന ആകർഷണം. മലയാളത്തിന്റെ മെഗാ- സൂപ്പർ സ്റ്റാറുകളുടെ ഉൾപ്പടെ
നിരവധി സിനിമകളും ടെലിവിഷൻ സീരിയലുകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്
2. ത്രിവേണീ സംഗമത്തിന് സമാനമായി അച്ചൻകോവിൽ - പമ്പ - പമ്പയുടെ കൈവഴി എന്നിവയുടെ സംഗമസ്ഥാനം, തമ്മിൽ കാണാവുന്ന രണ്ട് പാലങ്ങൾ, പതിനേഴോളം പാടശേഖരങ്ങൾ, ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവ പവലിയൻ
3. വീയപുരം പഞ്ചായത്തിന് മാത്രം അവകാശപ്പെടാവുന്ന വിവിധകരകളിലായി 8 ചുണ്ടൻ വള്ളങ്ങൾ, പായിപ്പാട്, അപ്പർ കുട്ടനാട് ജലോത്സവങ്ങൾ, ജില്ലാപഞ്ചായത്തിന് കീഴിൽ 50 ഏക്കറിലായി സ്ഥിതിചെയ്യുന്ന സർക്കാർ വിത്തുത്പാദന കേന്ദ്രം
4.കുട്ടനാട്ടിലെ കർഷകത്തൊഴിലാളി പ്രക്ഷേഭമായ തൊപ്പിപ്പാള സമരം നടന്നതും വീയപുരത്തോട് ചേർന്നാണ്. പെരുവന്തങ്കേരി സമരം എന്നറിയപ്പെടുന്ന ഈ സമരത്തിൽ വെടിയേറ്റുമരിച്ച കർഷകതൊഴിലാളിയുടെ രക്തസാക്ഷി മണ്ഡപവും ഇവിടെയാണ്