gbn
വലിയമ്മ സാവിത്രി അന്തർജ്ജനം നാഗരാജാവിന്റെ നടയിലേക്ക് പ്രവേശിക്കുന്നു

ഹരിപ്പാട്: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ വലിയമ്മ സാവിത്രി അന്തർജ്ജനം ജീവിതം നാഗപൂജയ്ക്കായി സമർപ്പിച്ചു. ഇന്നലെ രാവിലെയാണ് അമ്മ പൂജയ്ക്കായി ശ്രീകോവിലിൽ പ്രവേശിച്ചത്. ഒരു വർഷവും 27 ദിവസവും പിന്നിട്ട വേദമന്ത്ര പഠനത്തിന് ശേഷമാണ് ഭഗവാന്റെ മൂലമന്ത്രം ഉരുവിട്ട് പൂജകൾ തുടങ്ങിയത്.

ശ്രീകോവിലിൽ അമ്മയുടെ സഹായത്തിനായി പുത്രന്മാരായ വാസുദേവൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, ഹരി നാരായണൻ, പൗത്രൻ സൂരജ് സുബ്രഹ്മണ്യൻ എന്നിവരും ഉണ്ടായിരുന്നു.

30 വർഷത്തിന് ശേഷമാണ് ഈ ചടങ്ങിന് മണ്ണാറശ്ശാല സാക്ഷ്യം വഹിച്ചത്. വലിയമ്മ ഉമാദേവി അന്തർജ്ജനം 94-ാം വയസ്സിൽ 2023 ആഗസ്റ്റ് 9ന് സമാധിയായതോടെയാണ് അന്ന് ചെറിയമ്മയായിരുന്ന സാവിത്രി അന്തർജ്ജനം (83) വലിയമ്മയായി അവരോധിക്കപ്പെട്ടത്.

കാരണവന്മാർ വേളി കഴിച്ചുകൊണ്ടുവരുന്നവരെയാണ് അമ്മയായി വാഴിക്കുന്നത്. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും രണ്ടാമത്തെ മകളാണ് സാവിത്രി അന്തർജ്ജനം. മുൻകാരണവർ എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയുമാണ്. നിലവിലെ കാരണവർ പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ സതീദേവി അന്തർജ്ജനമാണ് ഇളയമ്മ. സാവിത്രി അന്തർജനമാകും ആയില്യം ഉത്സവത്തിന് നാഗരാജ വിഗ്രഹം എഴുന്നള്ളിക്കുക.അമ്മയുടെ ആദ്യ എഴുന്നള്ളത്ത് കന്നിയിലെ ആയില്യത്തിനാകും.