
മുഹമ്മ: ചെണ്ടുമല്ലി വസന്തത്തിന്റെ ഉണർവിലാണ് മുഹമ്മ ഗ്രാമം. കുടുംബശ്രീക്ക് കീഴിലുള്ള 50ജെ.എൽ.ജി ഗ്രൂപ്പുകൾ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമായി നട്ടുനനച്ചു വളർത്തിയ ചെണ്ടുമല്ലികൾ നാട്ടുകാർക്ക് സന്തോഷം നൽകി കാറ്റിൽ തലയാട്ടി നിൽക്കുകയാണ്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് അവയിൽ അധികവും. ചിലയിടങ്ങളിൽ വാടാമുല്ലയുമുണ്ട്. ഇവയെല്ലാം ഓണവിളവെടുപ്പിന് തയ്യാറായി കഴിഞ്ഞു.
മുഹമ്മ രണ്ടാം വാർഡിലെ പുലരി, പത്താം വാർഡിലെ ശ്രീഭദ്ര, പന്ത്രണ്ടാം വാർഡിലെ ധനശ്രീ, തനിമ എന്നീ ഗ്രൂപ്പുകളുടെ ചെണ്ടുമല്ലിക്കൃഷിയാണ് ഇവയിൽ മികച്ചുനിൽക്കുന്നത്. പൂക്കൾക്ക് മികച്ച വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് അഗ്രി.റിസോഴ്സ് പേഴ്സൺ സ്വപ്നസാബു. ഇതിനായി അമ്പലങ്ങൾ, പ്രത്യേക ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് വരുകയാണെന്നും അവർ പറയുന്നു.
തണ്ണീർമുക്കം, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് -വടക്ക്, കഞ്ഞിക്കുഴി തുടങ്ങിയ സമീപപഞ്ചായത്തുകളിലും ഇത്തരം ഗ്രൂപ്പുകൾ കൃഷിയിൽ സജീവമാണ്.
കഞ്ഞിക്കുഴിയിൽ ഏക്കർ കണക്കിന് പുഷ്പക്കൃഷി ചെയ്യുന്ന കർഷകരുമുണ്ട്.
എന്തായാലും, അത്തം പിറന്നതോടെ തമിഴ്നാട്ടിൽ നിന്നുള്ള വണ്ടികാത്തുനിൽക്കേണ്ട കാര്യമല്ല. ഒരു വസന്തം തന്നെ ഈ പ്രദേശത്ത് സൃഷ്ടിച്ചിരിക്കുകയാണ് ഇവർ. കാലാവസ്ഥ കൂടി അനുകൂലമായതോടെ വീട്ടുമുറ്റത്തും വഴിവക്കിലുമെല്ലാം നന്ദിയാർവട്ടവും,അല്ലിത്താമരയും,വാടാമുല്ലയും, മഞ്ഞക്കോളാമ്പിയും മാവേലിയ വരവേൽക്കാൻ ചിരിതൂകി നിൽപ്പാണ്. അതിനാൽ, അത്തപ്പൂക്കളത്തിന് ഇത്തവണ അധികചെലവും അലച്ചിലും വേണ്ടിവരില്ല.
10മുതൽ 50സെന്റ് വരെ
കൃഷി കൂട്ടായ്മയിൽ 5 മുതൽ 10വരെ അംഗങ്ങളാണുള്ളത്. 10 മുതൽ 50 സെന്റിൽ വരെയാണ് പുഷ്പകൃഷി. കൃഷിഭവനിൽ നിന്ന് 150 ഓളം ചെണ്ടുമല്ലി തൈകൾ ഓരോ ഗ്രൂപ്പിനും സൗജന്യമായി നൽകി. ബാക്കി സഹകരണ സംഘങ്ങളുടെ സ്റ്റാളുകളിൽ നിന്ന് വാങ്ങി. കുമ്മായം തൂവി പരുവപ്പെടുത്തിയ തടത്തിൽ അടിവളം ചേർത്താണ് തൈകൾ നട്ടത്. ഇരുപതു ദിവസം കഴിഞ്ഞപ്പോൾ മൊട്ട് വന്നു. ഈ കൂമ്പ് ഒടിച്ച് വീണ്ടും നട്ടു. കൂടാതെ കർഷക മിത്രയുടെ ജൈവാണു വളവും നൽകി. ഇതോടെ നിരവധി ചില്ലകൾ വന്ന് ധാരാളം പൂക്കൾ ഉണ്ടായി. പൂക്കൾക്ക് 60 മുതൽ 100ഗ്രാം വരെ തൂക്കമുണ്ട്.