ആലപ്പുഴ : ഒരു ഇടവേളയ്ക്ക് ശേഷം സവാളയുടെ വില കുതിച്ചുയരുന്നു. ഓണം പടിവാതിൽക്കൽ എത്തിയതോടെ സവാള വില വർദ്ധിച്ചത് കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിക്കും. കഴിഞ്ഞ ആഴ്ച കിലോക്ക് 25 രൂപയായിരുന്ന സവാളക്ക് ഇന്നലെ വില 60രൂപയിലെത്തി. വരുംദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറഞ്ഞു. സവാളയുടെ വരവ് മൊത്തവിപണിയിൽ കുറഞ്ഞതാണ് വില ഉയരാൻ കാരണം. മറ്റ് പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്. ചെറിയ ഉള്ളിയുടെ വില. 40രൂപയിൽ നിന്ന് 55ലേക്ക് എത്തി.
അഞ്ച് വർഷം മുമ്പ് സവാളയ്ക്ക് വില കിലോയ്ക്ക് നൂറിനുമേൽ വില വന്നപ്പോൾ സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിച്ചിരുന്നു.
ഇടനിലക്കാരുടെ കൊള്ള
ഇടനിലക്കാർ സവാള പൂഴ്ത്തിവച്ച് വില വർദ്ധിപ്പിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്
തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് സവാള എത്തുന്നത്
പ്രതികൂല കാലാവസ്ഥകാരണം ഉത്പാദനം കുറഞ്ഞതാണ് വരവ് കുറച്ചതെന്ന വാദവുമുണ്ട്
"സവാളയുടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത. ഒരാഴ്ച കൊണ്ട് വലിയ വർദ്ധനവാണ് ഉണ്ടായത്
- സന്തോഷ്, വ്യാപാരി