ആലപ്പുഴ : തൂണുകളുടെ ബലക്ഷയം കാരണം നിർമ്മാണം പാതിവഴിയിലായ, വലിയ ചുടുകാടിന് സമീപത്തെ ഗവ.ആയുർവേദ പഞ്ചകർമ്മ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായുള്ള കെട്ടിട സമുച്ചയത്തിൽ ശേഖരിച്ചിട്ടുള്ള പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ നഗരസഭ നടപടി തുടങ്ങി. കെട്ടിടം നോക്കുകുത്തിയായതോടെയാണ് ഹരിതകർമ്മസേന ശേഖരിച്ച പ്ളാസ്റ്റിക് ഇവിടെ ശേഖരിച്ചു തുടങ്ങിയത്. പ്ളാസ്റ്റിക് ഇവിടെ നിന്ന് നീക്കണമെന്ന് നഗരസഭ അധികൃതരോട് ആയുഷ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

കെട്ടിട നിർമ്മാണത്തിലെ സാങ്കേതിക തടസം നീക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി റിപ്പോർട്ട് നൽകിയെങ്കിലും നിർമ്മാണം ഇനിയും പുനരാംഭിച്ചിട്ടില്ല. ആകെയുള്ള 159 തൂണുകളിൽ മൂന്ന് തൂണുകൾക്കാണ് ബലക്ഷയമുള്ളത്.

ധാരണാപത്രം ക്ഷണിച്ചു

 പ്ളാസ്റ്റിക് തരംതിരിച്ച് കൈമാറാൻ ധാരണാപത്രം ക്ഷണിച്ചു

 രണ്ട് സ്ഥാപനങ്ങൾ ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്

 പ്ളാസ്റ്റിക് വിറ്റുകിട്ടുന്ന തുക ഹരിതകർമ്മസേനയുടെ വേതനത്തിന് ഉപയോഗിക്കും

 പ്ളാസ്റ്റിക് നീക്കി കെട്ടിട നിർമ്മാണം പുനരാരംഭിക്കുകയാണ് ലക്ഷ്യം.


ഒരുമാസത്തിനുള്ളിൽ പഞ്ചകർമ്മ ആശുപത്രി കെട്ടിടത്തിലെ പ്ളാസ്റ്റിക് തരംതിരിച്ച് നീക്കം ചെയ്യും. പുതിയതായി സംഭരിക്കുന്ന പ്ളാസ്റ്റിക് യന്ത്രത്തിന്റെ സഹായത്തോടെ വേർതിരിച്ച് സംസ്കരിക്കും

- കെ.കെ.ജയമ്മ, നഗരസഭ ചെയർപേഴ്സൺ