ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിലെ അനിശ്ചിതത്വം ഒഴിഞ്ഞിട്ടും ചാമ്പ്യൻസ് ബോട്ട് ലീഗ് മടങ്ങി വരാത്തത് വൻതുക മുടക്കി പരിശീലനം ആരംഭിച്ച ബോട്ട് ക്ളബുകളെ ആശങ്കയിലാക്കുന്നു. വള്ളംകളി സംരക്ഷണസമിതി മുന്നിട്ടിറങ്ങിയതോടെയാണ്, മാറ്റിവച്ച നെഹ്റുട്രോഫി ജലമേള 28ന് നടത്താൻ തീരുമാനമായത്. ഇതേ മാതൃകയിൽ സി.ബി.എല്ലിനായുള്ള പോരാട്ടവും നടത്താൻ ഒരുങ്ങുകയാണ് വള്ളംകളിപ്രേമികൾ.
വള്ളംകളി അന്താരാഷ്ട്രതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാനും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ആരംഭിച്ചത്. നെഹ്റു ട്രോഫി മത്സരത്തോടെ ആരംഭിക്കുന്ന ലീഗിൽ 12 മത്സരങ്ങളാണുള്ളത്. കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെയാണ് ലീഗിന് തിരശീല വീഴുക. മത്സരങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനാണ് കരതിരിച്ച് പ്രാദേശിക വള്ളംകളി നടത്തുന്നത്. നെഹ്റുട്രോഫിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് ലീഗിൽ പോരാടാൻ അവസരം. കൂടുതൽ വള്ളങ്ങൾക്ക് സി.ബി.എൽ ഉപകാരപ്പെടണമെങ്കിൽ15 ചുണ്ടൻ വള്ളങ്ങൾക്കെങ്കിലും പങ്കെടുക്കാൻ അവസരമൊരുക്കണം.
നെഹ്റുട്രോഫി ബോണസ് ഒന്നിനുമില്ല
1. ക്ലബ്ബുകളെ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടാതെ നിലനിർത്തണമെങ്കിൽ സി.ബി.എൽ അനിവാര്യമാണ്
2. നെഹ്റുട്രോഫിയുടെ ബോണസ് തുകയോ സമ്മാനത്തുകയോ ചെലവുകൾ നികത്താൻ മതിയാകുകയില്ല
3. ചുണ്ടൻവള്ള സമിതികൾക്ക് ഒരു ദിവസം പരിശീലനത്തിന് കൂലി, ഭക്ഷണം, താമസം ഉൾപ്പെടെ 1.5 ലക്ഷത്തോളംചെലവാകും
4.പ്രാദേശിക വള്ളംകളികൾക്കായി നാലഞ്ച് ദിവസം പരിശീലിക്കണമെങ്കിൽ 7.5 ലക്ഷം രൂപ വേണം
5.നെഹ്റുട്രോഫി പോലുള്ള മത്സരങ്ങൾക്ക് 30 മുതൽ 80 ലക്ഷം രൂപ വരെയും ചെലവാകും
6. ചാമ്പ്യൻസ് ബോട്ട് ലീഗിൽ നിന്ന് ലഭിക്കുന്ന തുകയാണ് ക്ളബ്ബുകൾക്ക് ചെറിയ ആശ്വാസമായിരുന്നത്
സി.ബി.എൽ സമ്മാനത്തുക
(ലക്ഷത്തിൽ)
വിജയിക്ക് : 25
രണ്ടാം സ്ഥാനക്കാർക്ക് : 15
മൂന്നാം സ്ഥാനക്കർാക്ക് : 10
മത്സരം നടക്കുന്നത്
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ആറു ജില്ലകളിൽ
9.6
കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ സി.ബി.എല്ലിന് പ്രഖ്യാപിച്ചത് 9.6 കോടി രൂപ
ജലമേളയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സി.ബി.എൽ വലിയ ആശ്വാസമായിരുന്നു. കേന്ദ്ര ടൂറിസം വകുപ്പ് മുൻകൈയെടുത്ത് ലീഗ് നടത്തുന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലുണ്ടാവണം
- വള്ളംകളി സംരക്ഷണ സമിതി