ആലപ്പുഴ: നിർമ്മാണം പുരോഗമിക്കുന്ന അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേയുടെ സർവീസ് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ സർവേ തുടങ്ങി. ലാൻഡ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ മേൽനോട്ടത്തിൽ തഹസീൽദാർമാരുടെ നേതൃത്വത്തിലാണ് സർവേ ആരംഭിച്ചത്. അരൂരിനും തുറവൂരിനും മദ്ധ്യേ കുത്തിയതോട്, കോടന്തുരുത്ത്, അരൂർ, എഴുപുന്ന വില്ലേജുകളിലാണ് സർവേ. നിലവിലെ സർവീസ് റോഡിൽ,​ ആവശ്യമായ വീതിയില്ലാത്ത ഇടങ്ങളിലാണ് ഒന്നരമാസം മുമ്പ് ദേശീയപാത അതോറിട്ടി സ്ഥാപിച്ച അതിരടയാളകല്ലുകൾ അടിസ്ഥാനമാക്കി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. നാലു വില്ലേജുകളിലായി എൺപതോളം സർവേ നമ്പരുകളിൽപ്പെട്ട ഭൂമിയാണ് അധികമായി ഏറ്റെടുക്കേണ്ടത്. ഇങ്ങനെ

അഞ്ച് മുതൽ പത്ത് സ്ക്വയർ ഫീറ്റ് വരെ ഏറ്റെടുക്കേണ്ടിവരും. ഇത് ഏകദേശം രണ്ടരമുതൽ മൂന്നേക്കറോളം ഉണ്ടാവും.

വീടുകളും വാണിജ്യസ്ഥാപനങ്ങളും താരതമ്യേന കുറവായതിനാൽ സർവേയും ഭൂമി ഏറ്റെടുക്കൽ നടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സർവേ പൂർത്തിയായാലുടൻ ഭൂമി ഏറ്റെടുക്കലിനുള്ള 3-ഡി വിജ്ഞാപനമിറക്കും. തുടർന്ന്,​ വില നിശ്ചയിച്ച് സ്ഥല ഉടമകൾക്ക് വിതരണം ചെയ്യുന്നതോടെ നടപടികൾ പൂർത്തിയാകും.

വീണ്ടും അപകടക്കെണി

1. ഹൈക്കോടതിയുടെയും കളക്ടറുടെയും ഇടപെടലിനെതുട‌ർന്ന് ദുരിതത്തിന് തെല്ല് ശമനമുണ്ടായിരുന്ന ചന്തിരൂർ- അരൂർ റോഡ് വീണ്ടും ചെളിക്കുളമായി. ഓണക്കാലമായതോടെ തിരക്ക് വർദ്ധിച്ചതിനാൽ രാപ്പകൽ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം ഇരുവശത്തേക്കും വാഹനങ്ങൾ ക്യൂ കിടക്കേണ്ട അവസ്ഥയാണ്

2. രാവിലെയും വൈകുന്നേരവുമാണ് ഗതാഗത കുരുക്ക് രൂക്ഷം. സ്കൂൾ സമയത്ത് കാൽനടപോലും അസാദ്ധ്യമായ സ്ഥിതിയാണ്. നിർമ്മാണം തുടങ്ങിയ ശേഷം രണ്ട് ഡസനിലേറെപ്പേർ അപകടത്തിൽ മരിച്ച ഇവിടെ,​ ഹൈക്കോടതി ഇടപെടലിന് ശേഷവും ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാൻ നടപടിയുണ്ടായില്ലെന്നതാണ് വാസ്തവം

3. ആലപ്പുഴ ജില്ലാകളക്ടറെയാണ് ഗതാഗത പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളതെങ്കിലും വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ കരാർ കമ്പനിയുടെ സഹായത്തോടെ കോൺക്രീറ്റ് ടൈലുകൾ പാകിയതല്ലാതെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല

അരൂർ- ചന്തിരൂർ പ്രദേശത്ത് ദേശീയപാതയുടെ ഇരുവശവും വീണ്ടും ചെളിക്കുണ്ടായതോടെ യാത്ര ദുരിതത്തിലാണ്. കളക്ടർ ഇടപെട്ട് ഓണക്കാലത്ത് റോഡിന്റെ അപകടാവസ്ഥ ഒഴിവാക്കണം

-സജിമോൻ, ചന്തിരൂർ