ph

ടെൻഡർ പൂർത്തിയായി

കായംകുളം : ടെൻഡർ പൂർത്തിയായതോടെ കായംകുളം കൃഷ്ണപുരം മാമ്പ്രക്കുന്നേൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. 36.24 കോടി രൂപയാണ് നിർമ്മാണചെലവ് കണക്കാക്കിയിട്ടുള്ളത്. കിഫ്ബിയിൽ നിന്ന് 31 കോടി രൂപയുടെ ഭരണാനുമതിയാണ് ആദ്യം ലഭിച്ചത്. എന്നാൽ 5.24 കോടി രൂപ കൂടി അധികമായി വേണമെന്ന് റോഡ്സ് ആന്റ് ബ്രിഡ്ജ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ആവശ്യപ്പെട്ടതോടെ ഈ തുക കൂടി പിന്നകട് അനുവദിച്ചു.

വിവിധ സർവ്വേ നമ്പരുകളിൽപ്പെട്ട 1.0840 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. 11പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 35 ലക്ഷം രൂപയുടേതാണ് പുനരധിവാസ പാക്കേജ്. മേൽപ്പാലം പൂർത്തിയാകാന്നതോടെ ഒരു പ്രദേശത്തിന്റെ പതിറ്റാണ്ടുകളോളം നീണ്ട യാത്രാദുരിതങ്ങൾക്ക് പരിഹാരമാകും.

ദേശീയപാതയിൽ നിന്ന് വള്ളികുന്നത്തേക്കും കെ.പി റോഡിലേക്കുമുള്ള പ്രധാന റോഡിലാണ് ഈ ലെവൽ ക്രോസ്. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള ട്രെയിനുകൾ കടന്നുപോകുമ്പോൾ ഗേറ്റ് നിരന്തരം അടച്ചിടേണ്ടി വരുന്നത് വാഹന യാത്രക്കാരെ വളരെയേറെ ബുദ്ധിമുട്ടിച്ചിരുന്നു. ചിലസമയങ്ങളിൽ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ നിര ദേശീയപാത വരെ നീളും. ഇത് മുക്കട ജംഗ്ഷനിലും ദേശീയ പാതയിലും വരെ ഗതാഗതക്കുരുക്കിന് കാരണമാകും. ഗേറ്റ് തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വാഹനങ്ങൾ കാത്ത് കിടക്കേണ്ടിയും വന്നിട്ടുണ്ട്. ഗതാഗത പ്രശ്നം രൂക്ഷമായതോടെ 2004 മുതൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ജനങ്ങൾ സമര രംഗത്താണ്.

 671 മീറ്റർ നീളം, 10.2 മീറ്റർ വീതി

 പതിനൊന്ന് സ്പാനുകൾ

 470 മീറ്റർ നീളത്തിൽ രണ്ടുവരി പാതയായി അപ്രോച്ച് റോഡ്

1.50മീറ്റർ വീതിയിൽ നടപ്പാത

5.50 മീറ്റർ വീതിയിൽ നടപ്പാതയോടു കൂടിയ സർവ്വീസ് റോഡ്

24

മാസമാണ് നിർമ്മാണ കാലാവധി