
ആലപ്പുഴ: ചെറുവള്ളങ്ങൾക്ക് കുതിക്കാൻ ഇലക്ട്രിക് ഔട്ട്ബോർഡ് എൻജിൻ വികസിപ്പിച്ച് സ്റ്റാർട്ടപ്പ്. എൻജിനിലെ നാനോബബിൾ സാങ്കേതിക വിദ്യ വള്ളം സഞ്ചരിക്കുന്ന ഭാഗത്തെ വെള്ളം ശുദ്ധീകരിക്കുകയും ചെയ്യും.
ആലപ്പുഴയിലെ ഓൾ എബൗട്ട് ഇന്നവേഷൻസ് അഡ്വാൻസ്ഡ് റിസർച്ചാണ് ഇലക്ട്രിക് എൻജിൻ വികസിപ്പിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ചാൽ, ജലാശയം മലിനമാക്കുന്ന ഡീസൽ എൻജിനുകളിൽ നിന്ന് ചെറുവള്ളങ്ങൾക്ക് മോചനമാകും. കുട്ടനാട്ടിൽ 12,000 ചെറുവള്ളങ്ങളുണ്ട്.
സംരംഭകനായ സുജേഷ് സുഗുണൻ, ഗവേഷകരായ ബോണി ഫേയ്സ് ഗാസ്പർ, ലിൻഷാദ് ലത്തീഫ് എന്നിവരാണ് അണിയറയിൽ. പാലക്കാട് ഐ.ഐ.ടിയുടെ സഹായവുമുണ്ട്. കൊവിഡ് കാലത്ത് ഇവർ നൂതനമായ എയർ മാസ്‌ക്ക് വിപണിയിലിറക്കി ശ്രദ്ധേയരായിരുന്നു. സ്റ്റാർട്ടപ്പിനെ നയിക്കാൻ അഡ്വ. ജി. മനോജ്കുമാർ, രാഹുൽ റോയ്, ബാലു ജയിംസ്, ജേക്കബ് മാത്യു എന്നിവരുമുണ്ട്.
നാനോ ബബിൾ സാങ്കേതികവിദ്യ
എൻജിനിൽ നിന്നുള്ള ചെറിയ കുമിളകൾ പുറത്തുവിടുന്ന നെഗറ്റീവ് അയോൺ ജലത്തിലെ ഓക്‌സിജൻ വർദ്ധിപ്പിക്കും. മാലിന്യങ്ങളെ ആകർഷിച്ച് നിർമ്മാർജ്ജനം ചെയ്യുമെന്നും സംരംഭകർ അവകാശപ്പെടുന്നു. ഇതോടെ ജലത്തിലെ രാസ സാന്നിദ്ധ്യം 50 ശതമാനം കുറഞ്ഞതായും സൂക്ഷ്മ ജലജീവികളും ജലസസ്യങ്ങളും വർദ്ധിച്ചതായും പഠനത്തിൽ കണ്ടെത്തി. അന്തർദേശീയ ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചു.
തുടക്കം ശിക്കാരയിൽ
ശിക്കാരവള്ളത്തിനുള്ള എൻജിനാണ് വികസിപ്പിച്ചത്
ലിഥിയം അയൺ ബാറ്ററി ഒരു ചാർജിൽ 5 മണിക്കൂർ പ്രവർത്തിക്കും.
നിശ്ചലമായ ജലാശയങ്ങളിലും, പ്രക്ഷുബ്ധമായ കടലിലും ഉപയോഗിക്കാം
എൻജിന് (6 എച്ച്.പി) വില : 1.5ലക്ഷം
നാനോ ബബിൾ സാങ്കേതികവിദ്യയുള്ള വൈദ്യുതി ഔട്ട് ബോർഡ് എൻജിൻ ജലമലിനീകരണത്തിന് പരിഹാരമാകും. ജലയാനം സഞ്ചരിക്കുന്ന ഭാഗത്തെ മാലിന്യ മുക്തമാക്കും
- അഡ്വ.ജി.മനോജ്കുമാർ, പി.ആർ.ഒ