കുട്ടനാട്: വെളിയനാട്, വാഴപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുമരങ്കരി - പറാൽ റോഡ് കേന്ദ്രീകരിച്ച് രാത്രിയിൽ വ്യാജവാറ്റും മദ്യവിൽപ്പനയും തകൃതിയെന്ന് പരാതി. ഇരുപഞ്ചായത്തുകളുടെയും അതിർത്തി കൂടിയായ ഇവിടെ ചങ്ങനാശ്ശേരിയിൽ നിന്നോ കൈനടിയിൽ നിന്നോ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിച്ചേരുക
അത്ര എളുപ്പമല്ല. ഈ സാഹചര്യം മുതലെടുത്താണ് വ്യാജവാറ്റുസംഘം വിലസുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഒറ്റരാത്രികൊണ്ട് ആയിരക്കണക്കിന് രൂപയുടെ മദ്യമാണ് ഇവിടെ വിൽക്കുന്നത്. വീടുകൾ കേന്ദ്രീകരിച്ച് വാറ്റിയെടുക്കുന്ന ചാരായവും ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള വില കുറഞ്ഞ വിദേശമദ്യവും ഓട്ടോ റിക്ഷകളിൽ എത്തിച്ചാണ് വിൽപ്പന പൊടിപൊടിക്കുന്നത്.
ഇവകൂടാതെ കഞ്ചാവ് വിൽപ്പനയും നിർബാധം നടക്കുന്നുണ്ട്. സമൂഹ്യവിരുദ്ധരുടെ ഈ അഴിഞ്ഞാട്ടം പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതായും പരാതിയുണ്ട്. വാലടിയിൽ നിന്ന് ചങ്ങനാശ്ശേരി വരെ ഏഴ് കിലോമീറ്ററോളം വരുന്ന ഈ റോഡിൽ ഒരിടത്തുപോലും തെരുവുവിളക്കുമില്ല. അധികൃതർ പ്രദേശത്ത് പരിശോധന നടത്തുകയും ഇവരെ അമർച്ചചെയ്യുകയും വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.