മുഹമ്മ: ഇൻഫ്ലമേറ്ററി ബവൽ സിൻഡ്രം എന്ന രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമായി വെന്റിലേറ്ററിന്റെ സഹായത്താൽ കഴിയുന്ന മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് വാഴപ്പനാട് (തയ്യിൽവെളി) അഷറഫിന്റെ മകൾ ആഷ്നയുടെ (19) ചികിത്സാചെലവിനായി ഇന്ന് നാട് കൈകോർക്കും.

കലവൂർ മാർക്കറ്റിൽ മത്സ്യ വ്യാപാരികളുടെ സഹായിയായി ജോലി ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബത്തിന്റെ നിത്യവൃത്തി നടത്തിവരുന്നയാളാണ് ആഷ്നയുടെ പിതാവ്. മാതാവും വിദ്യാർത്ഥിയായ സഹോദരനും അടങ്ങുന്നതാണ് ആഷ്നയുടെ കുടുംബം.

ആഷ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ അൽഷിഫ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിക്കുകയും നാല് ലക്ഷം രൂപയോളം സമാഹരിക്കുകയും ചെയ്‌തെങ്കിലും അത് മതിയാകാതെ വന്നു. തുടർന്ന് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്ത് കുമാർ ചെയർമാനായും അൽഷിഫ പ്രസിഡന്റ് എസ്. മുഹമ്മദ്കോയ തങ്ങൾ രക്ഷാധികാരിയായും ജനറൽ സെക്രട്ടറി ഷാജി പനമ്പള്ളി ജനറൽ കൺവീനറായും കേന്ദ്ര സമിതിക്ക് രൂപം നൽകുകയും പഞ്ചായത്തിലെ 03, 04, 05, 06, 07, 17, 18, 19, 20 വാർഡുകളിൽ പൊതു ധനസമാഹരണം നടത്താനും തീരുമാനിക്കുകയായിരുന്നു.

പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ വാർഡു തല സമിതികൾക്ക് രൂപം നൽകുകയും നോട്ടീസ് വിതരണം അടക്കമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയുമാണ്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മണ്ണഞ്ചേരി ശാഖയിൽ ചികിത്സാ സഹായ സമിതിയുടെ പേരിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0902053000003033 ഐ.എഫ്.എസ്.സി കോഡ് എസ്.ഐ. ബി. എൽ 0000902.