ഹരിപ്പാട് : നെല്ല് സംഭരിച്ച് 5 മാസം പിന്നിട്ടിട്ടും വില ലഭിച്ചില്ലെന്ന് പള്ളിപ്പാട് കോയിക്കേലേത്ത്
കിഴക്ക് വശം പാടശേഖരത്തിലെ കർഷകർ. എസ്.ബി.ഐയിൽ രജിസ്റ്റർ ചെയ്ത 70 ഓളം കർഷകർക്കാണ് ഈ ദുർവിധി. മേയ് മാസം ആദ്യ വാരത്തിൽ സംഭരിച്ച നെല്ലിന്റെ പി. ആർ. എസ് എഴുതിയത്. ഇതിനോടൊപ്പം കാനറ ബാങ്കിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കർഷകർക്കും പണം ലഭിച്ചതായും കോയിക്കേലേത്ത്
കിഴക്ക് വശം പാടശേഖര നെല്ലുൽപ്പാദക സമിതി ഭാരവാഹികൾ പറഞ്ഞു. കർഷകർക്ക് സംഭരണവില കൊടുക്കാനായി 50 കോടി അനുവദിച്ചതായി സർക്കാർ പറയുന്നുണ്ടെങ്കിലും കർഷകർ ബാങ്കിൽ എത്തുമ്പോൾ ബാങ്കധികൃതർ കൈമലർത്തുകയാണ്.
മില്ലുടമകൾ സംഭരിക്കുന്ന നെല്ലിൻ്റെ തൂക്കം അന്യായമായി കുറച്ചതായും അവർ ആരോപിച്ചു.
സമയബന്ധിതമായി പാടശേഖരങ്ങളുടെ പുറംബണ്ടുയർത്തി കാർഷിക കലണ്ടറിന് അനുസരിച്ച് കൃഷിയിറക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു തരണമെന്നും ഈ കാര്യങ്ങളിൽ നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
കീച്ചേരിൽ ശ്രീകുമാർ, എസ്. കൃഷ്ണൻകുട്ടി, വടുതല,സജി. ബി, കെ.വാസുദേവൻ,എസ്.സുരേഷ്,എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കോയിക്കേലേത്ത് കിഴക്കുവശം പാടശേഖരം : 200 ഏക്കർ
രണ്ടാംകൃഷിക്ക് വഴിയൊരുക്കണം
കോയിക്കേലേത്ത് കിഴക്കുവശം പാടശേഖരവും, തൊട്ടടുത്ത് തന്നെ 200 ഏക്കർ വിസ്തൃതിയുള്ള ആയിരത്തിൽ
പടവ് പാടേശേഖരവും കൂട്ടിച്ചേർത്ത് ഇവയുടെ പുറം ബണ്ടുകൾ ഉയർത്തി സമയബന്ധിതമായി കൃഷിയിറക്കിയാൽ കുട്ടനാട്ടിലെ പോലെ രണ്ടാം കൃഷി ചെയ്യാൻ പറ്റുമെന്ന് കർഷകർ പറയുന്നു.