ഹരിപ്പാട്: നഗരത്തിലെ ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വൺവേ ട്രാഫിക് സംവിധാനം ഇന്ന് മുതൽ പുനസ്ഥാപിക്കുന്നതിനായി ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ വച്ചു കൂടിയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ മോട്ടോർ വാഹന വകുപ്പ്, പൊലീസ്, കെഎസ്ആർടിസി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികൾ, കാർത്തികപ്പള്ളി താലൂക്ക് തഹസിൽദാർ എന്നിവർ പങ്കെടുത്തു.ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ടൗൺഹാൾ ജംഗ്ഷൻ മുതൽ എഴിക്കകത്ത് ജംഗ്ഷൻ വഴി താലൂക്ക് ഹോസ്പിറ്റൽ വരെ വൺവേ ട്രാഫിക് പുനസ്ഥാപിക്കും. നിലവിൽ മാർക്ക് ചെയ്തിരിക്കുന്ന റോഡ് ഭാഗങ്ങളിൽ മാത്രമേ പാർക്കിംഗ് അനുവദിക്കൂ. പുനസ്ഥാപിച്ച പാർക്കിംഗ് സംവിധാനം നടപ്പിലാക്കുന്നതിനായി പൊലീസിനെ ചുമതലപ്പെടുത്തി. ലോറി ഉൾപ്പെടെയുള്ള ക്യാരേജ് വാഹനങ്ങളിൽ നിന്നുള്ള ചരക്ക് കയറ്റ് /ഇറക്ക് രാവിലെ എട്ടിന് മുമ്പും രാത്രി 8.30 ന് ശേഷവും മാത്രമേ അനുവദിക്കുകയുള്ളൂ .വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് അധികാരം നൽകി.