ആലപ്പുഴ : ഓണത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, ന്യായവിലയ്ക്ക് പച്ചക്കറി ഉറപ്പാക്കാൻ ഹോർട്ടികോർപ്പും കൃഷിവകുപ്പും നാടാകെ സ്റ്റാളുകൾ തുറക്കും. നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളും ഏത്തൻ ഉൾപ്പടെയുള്ള വാഴക്കുലകളും നാളെ മുതൽ ജില്ലയിലെ വിവിധ സംഭരണ, വിതരണ കേന്ദ്രങ്ങളിലെത്തും.

വ്യാഴം, വെള്ളി ദിവസങ്ങളിലെ കച്ചവടം ലക്ഷ്യമാക്കിയുള്ള പച്ചക്കറികൾക്കും വാഴക്കുലകൾക്കുമുള്ള ഓർഡർ‌ ജില്ലാകൃഷി ഓഫീസുകൾക്കും ഹോർട്ടി കോർപ്പ് ജില്ലാകേന്ദ്രങ്ങൾക്കും ഇതിനകം കൈമാറിയിട്ടുണ്ട്. ഏത്തൻ ഉൾപ്പടെ 10 ടണ്ണോളം വാഴക്കുല ഈ ആഴ്ച വിപണിയിലെത്തും.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഏത്തക്കുലകൾക്ക് ക്ഷാമമുണ്ടാകാതിരിക്കാൻ തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്ന് ഹോർട്ടികോർപ്പും കൃഷിവകുപ്പും ഏത്തക്കുലകൾ ഓർഡർ ചെയ്തിട്ടുണ്ട്.

വയനാട്ടിലെ ദുരിതബാധിത മേഖലയൊഴികെയുള്ള സ്ഥലങ്ങളിൽ നിന്ന് ഏത്തനും ഇഞ്ചിയും ചേനയുമുൾപ്പെടെഎത്തും. ജില്ലയുടെ കിഴക്കൻ മേഖലകളായ ചുനക്കര, ചാരുംമൂട്, വെൺമണി എന്നിവിടങ്ങളിൽ നിന്ന് വാഴക്കുലും പയറുൾപ്പെടെയുള്ള വിഭവങ്ങളുമെത്തിക്കും. കഞ്ഞിക്കുഴി, ചേർത്തല മേഖലകളിലെ വിവിധ പച്ചക്കറിയിനങ്ങളും ഓണക്കച്ചവടത്തിനായി കൃഷി വകുപ്പ് സംഭരിക്കുന്നുണ്ട്.

നാടാകെ പച്ചക്കറി സ്റ്റാളുകൾ


1.സിവിൽ സപ്ളൈസ് വകുപ്പിന്റെ ഫെയറുകളോടുബന്ധിച്ച് പുന്നപ്ര-വയലാർ ഹാളിലും ചേർത്തല ഇരുമ്പ് പാലത്തിന് സമീപവുമാണ് ഹോർട്ടികോർപ്പിന്റെ ഓണം പച്ചക്കറി ഫെയർ

2. നഗരത്തിലെയും ജില്ലയിലെയും ഹോർട്ടി കോർപ്പിന്റെ സ്വന്തം സ്റ്റാളുകളിലും ലൈസൻസികളിലും ഓണം പച്ചക്കറി വിപണികൾ പ്രവർത്തിക്കും. ഓരോ കൃഷിഭവന് കീഴിലും പച്ചക്കറി സ്റ്റാളുകളുണ്ടാകും

3.ഓണസദ്യയിലെ പായസത്തിന് നാവൂറും രുചി പകരാൻ മറയൂർ ശർക്കരയുംകുട്ടനാടൻ അരിയും ഹോർട്ടി കോർപ്പ് സ്റ്റാളുകളിൽ ലഭിക്കും

4.ഒരുകിലോ മുതലുള്ള പായ്ക്കറ്റുകളിലാകും ഇവ ലഭിക്കുക. അരിക്കും ശർക്കരയ്ക്കും പുറമേ കർഷകരിൽ നിന്ന് സംഭരിക്കുന്ന തേനും സ്റ്റാളുകളിലുണ്ടാകും

ഹോർട്ടികോർപ്പിന്റെ കഴിഞ്ഞ

ഓണംവിൽപ്പന : 30ലക്ഷം

കൃഷി വകുപ്പിന്റെയും ഹോർട്ടി കോർപ്പിന്റെയും സ്റ്റാളുകൾ : 11മുതൽ 14 വരെ

ഒരു ഡസനിലേറെ പച്ചക്കറി ഇനങ്ങൾക്ക് സബ്സിഡി : 30 ശതമാനം

ഓണവിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറികൾ കേരളത്തിലെ വിവിധ കർഷകരിൽ നിന്ന് സംഭരിച്ച് തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇവ വിവിധ സ്റ്റാളുകളിൽ എത്തിച്ചേരും. സബ്സിഡിയോടെ ന്യായ വിലയ്ക്ക് പച്ചക്കറികൾ ലഭ്യമാക്കാൻ ഹോർട്ടികോർപ്പും കൃഷി വകുപ്പും സജ്ജമാണ്

- ജനറൽ മാനേജർ, ഹോർട്ടികോർപ്പ്, ആലപ്പുഴ