
കായംകുളം : ഓണക്കാലമായതോടെ, നഗരത്തിലെ വീതികുറഞ്ഞ റോഡുകൾ കൈയേറിയുള്ള കച്ചവടം വ്യാപകമായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കൈയ്യേറ്റങ്ങളും അനധികൃത തട്ടുകടകളും ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ വന്നപ്പോൾ തന്നെ ഭരണ പക്ഷവും പ്രതിപക്ഷവും ഒന്നിച്ചെതിർത്തു. രാഷ്ടീയപാർട്ടികളിൽ അംഗത്വം എടുത്ത് സുരക്ഷിതരായശേഷമാണ് കച്ചവടക്കാർ റോഡ് കൈയേറുന്നതെന്ന് പറയപ്പെടുന്നു. ഇതോടെ ഇവരെ സംരക്ഷിക്കേണ്ട ബാദ്ധ്യത രാഷ്ട്രീയക്കാരിൽ വന്നു ചേരും. ഇതാണ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസമാകുന്നത്. അനധികൃത തട്ടുകടകൾ സ്ഥാപിച്ച് വാടകയ്ക്ക് കൊടുത്ത് പണംപിരിക്കുന്ന നേതാക്കളും ഉണ്ടെന്ന് ആക്ഷേപമുണ്ട്.ഓണക്കാലമായതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ഇതോടെ ടൗണിലേക്കുള്ള സർവീസുകൾ നിറുത്തിവയ്ക്കുമെന്ന് സ്വകാര്യ ബസുകാരുടെ സംഘടന മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല.
സർവീസ് നിറുത്തുമെന്ന്
സ്വകാര്യ ബസുകൾ
റോഡ് കൈയേറിയുള്ള കച്ചവടവും അനധികൃത പാർക്കിംഗും കാരണം ബസ് സർവ്വീസ് ബുദ്ധിമുട്ടാകുന്നു
ആഡിറ്റോറിയങ്ങളിൽ വിവാഹങ്ങളുള്ള ദിവസങ്ങളിൽ അനധികൃത പാർക്കിംഗ് കാരണം ബസുകളുടെ ട്രിപ്പുകൾ മുടങ്ങിപ്പോകുന്ന സ്ഥിതി
ഓണക്കാലത്ത് ബസുകളുടെ ട്രിപ്പുകൾ മുടങ്ങാതെ സർവ്വീസ് നടത്തുവാൻ റോഡുകളിലെ തടസ്സങ്ങൾ മാറ്റേണ്ടതുണ്ട്.
ഉത്തരവ് കാറ്റിൽ പറത്തി
കോടതി നിർദ്ദേശത്തെ തുടർന്ന് നഗരത്തിലെ തട്ടുകടകൾ മുഴുവൻ വർഷങ്ങൾക്ക് മുമ്പ് ഒഴിപ്പിച്ചിരുന്നു. അടുത്തിടെ ഇതെല്ലാം കാറ്റിൽപറത്തി റോഡ് കൈയേറാൻ തുടങ്ങി. റോഡിലൂടെ പോകുന്ന വാഹനങ്ങൾ തട്ടുകയോ പാർക്ക് ചെയ്യുകയോ ചെയ്താൽ തട്ടുകടക്കാർ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.
കായംകുളം നഗരത്തിലെ ഗതാഗത തടസങ്ങൾ ഉടൻഒഴിവാക്കിയില്ലങ്കിൽ സ്വകാര്യ ബസുകൾ ഓണക്കാലത്ത് നഗരത്തിൽ പ്രവേശിക്കില്ല.
-പാലമുറ്റത്ത് വിജയകുമാർ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്