
അമ്പലപ്പുഴ: പറവൂർ വിജ്ഞാനോദയം ഗ്രന്ഥശാലാങ്കണത്തിൽ കളിയും ചിരിയും പാട്ടും പറച്ചിലുമൊക്കെയായി തുടർച്ചയായ 13-ാം വർഷവും അവർ ഒത്തുകൂടി. പുന്നപ്ര വടക്ക് പുന്നപ്ര തെക്ക് പഞ്ചായത്തുകളിലെ 120 ഓളം കുടുംബങ്ങളിലെ വയോജനങ്ങളാണ് സൗഹൃദം പുതുക്കാനും വിശേഷങ്ങൾ പങ്കിടാനുമായി ജാതി, മത വ്യത്യാസം മറന്ന് ഒത്തുചേരുന്നത്. ഗ്രന്ഥശാല സംഘടിപ്പിച്ച സ്നേഹാങ്കണം പരിപാടിയുടെ 126 -ാമത് സംഗമത്തിലെത്തിയവർ രാവിലെ മുതൽ വൈകുന്നേരം വരെ പഴയകാല അനുഭവങ്ങൾ പങ്കുവച്ചു. അറുപത് മുതൽ 90 വരെ പ്രായമെത്തിയവരാണ് ഇവരിൽ പലരും.രണ്ടു നേരം ചായയും വിഭവസമൃദ്ധമായ സദ്യക്കും പുറമെ മടങ്ങുമ്പോൾ സോപ്പ്, എണ്ണ, പുതുവസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ് എന്നിവ നൽകും. സംഗമത്തിലെ മുഴുവൻ പേർക്കും മഹേശ്വരി ടെക്സ്റ്റയിൽസാണ് ഇത് ലഭ്യമാക്കുന്നത്. പറവൂർ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളും ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളുമെല്ലാം സംഗമത്തിനായി സൗജന്യമായി വിട്ടു നൽകും.
മാസത്തിലെ ആദ്യ ശനിയാഴ്ചകളിലായിരുന്നു ഇവരുടെ ഒത്തുചേരൽ.
സ്നേഹാങ്കണ സംഗമവും ഓണാഘോഷവും എച്ച് .സലാം എം. എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല രക്ഷാധികാരി ഫാ. ആന്റണി കട്ടിക്കാട് അദ്ധ്യക്ഷനായി. കവി കാവാലം ബാലചന്ദ്രൻ, ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ദീപ്തി അജയകുമാർ, എഴുത്തുകാരൻ കാവാലം മാധവൻകുട്ടി, ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ടി.സി.നെൽസൺ, സെക്രട്ടറി ജോൺ റോളിൻസ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് സെനോ പി.ജോസഫ് സ്വാഗതം പറഞ്ഞു.