ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിക്ക് വേണ്ടി രൂപകൽപ്പന ചെയ്ത സ്റ്റിൽ സ്റ്റാർട്ട് സംവിധാനത്തിന് സർവ്വീസ് ചാർജ്ജായി എട്ട് ലക്ഷം രൂപ കൈപ്പറ്റിയെന്ന വ്യാജ പ്രചരണത്തിനും, തന്നെ കടബാദ്ധ്യതയിലേക്ക് തള്ളിവിട്ടതിനുമെതിരെ മുഹമ്മ സ്വദേശി സി.എസ്.ഋഷികേശ് കളക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. സ്റ്റിൽ സ്റ്റാർട്ട് സംവിധാനത്തിന് രണ്ടര ലക്ഷം രൂപ മാത്രമാണ് താൻ കൈപ്പറ്റിയതെന്ന് ഋഷികേശ് പറയുന്നു. എന്നാൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എട്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാമർശം.
2018 മുതൽ ഋഷികേശ് വികസിപ്പിച്ച ലോക്ക് ഉപയോഗിച്ചാണ് നെഹ്റുട്രോഫി ജലമേളയുടെ സ്റ്റാർട്ടിംഗ് നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ വർഷം ക്വട്ടേഷൻ പോലും ക്ഷണിക്കാതെ പുതിയ ആൾക്ക് അവസരം നൽകിയത് ചോദ്യം ചെയ്ത് ഋഷികേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരം ഇരുകൂട്ടരുടെയും വാദം കേൾക്കുന്നതിന് ജില്ലാ കളക്ടർ യോഗം വിളിച്ച് ചേർത്തു. മത്സരത്തിന് വേണ്ടി എല്ലാ സംവിധാനങ്ങളും സജ്ജമായതിനാൽ പുതിയ ആൾക്ക് സ്റ്റാർട്ടിംഗ് സംവിധാനത്തിനുള്ള അവകാശം നൽകാൻ യോഗത്തിൽ തീരുമാനമാവുകയായിരുന്നു.
പിന്തുണയുമായി വള്ളംകളി സംരക്ഷണ സമിതി
ഋഷികേശിന്റെ സംവിധാനത്തിൽ പഴിവുകളില്ലാതെയാണ് 2018, 2019, 2022 വർഷങ്ങളിൽ ജലമേള നടന്നത്
താൻ ഒഴിവാക്കപ്പെട്ടതിന് പിന്നിൽ വലിയ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ടെന്ന് ഋഷികേശ്
ഋഷികേശിന് പിന്തുണയുമായി വള്ളംകളി സംരക്ഷണ സമിതിയും രംഗത്തെത്തി
നെഹ്റുട്രോഫി ജലമേളയുടെ തുക വിനിയോഗത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നു
വള്ളംകളി പ്രേമികളുടെ ജനകീയ കൂട്ടായ്മ ചൊവ്വാഴ്ച്ച സംഘടിപ്പിക്കും.