
കുട്ടനാട്: പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസിനായി കോടികൾ മുടക്കി ഒന്നാങ്കരയിൽ നിർമ്മിച്ച ഇരുനിലക്കെട്ടിടം ഉദ്ഘാടനത്തിന് മുമ്പേ ചോർന്നൊലിക്കാൻ തുടങ്ങി. പാർക്കിംഗ് സൗകര്യവും ചുറ്റുമതിൽ നിർമ്മാണവും പൂർത്തിയാക്കും മുമ്പേ കംപ്ലീഷൻ സർട്ടിഫിക്കറ്റ് തരപ്പെടുത്തി
20ന് ഉദ്ഘാടനം നടത്തി, കരാറുകാരനെ സംരക്ഷിക്കാനും സ്വന്തം നില ഭദ്രമാക്കാനും പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ചോർച്ച പുറംലോകം അറിഞ്ഞത്. അശാസ്ത്രീയ നിർമ്മാണം കാരണം
മഴപെയ്താൽ ഒരുതുള്ളി വെള്ളം പോലും പുറത്തുപോകാതെ കെട്ടിടത്തിനുള്ളിൽ തളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
ശക്തമായ മഴയും വെള്ളപ്പൊക്ക സാദ്ധ്യതയും കണക്കിലെടുത്ത് ആറുമാസം മുമ്പു തന്നെ സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പ്രധാന ജോലികൾ ഇനിയും അവശേഷിക്കെ തിടുക്കത്തിൽ ഉദ്ഘാടനം ചെയ്യാനുള്ള രജിസ്ട്രേഷൻ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാരുടെ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
പണിതീരും മുമ്പേ പണിയായി
1. കെട്ടിടം നിർമ്മാണത്തിനുള്ള അനുമതി 2019 ലാണ് ലഭിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് മേൽനോട്ടചുമതല. കെട്ടിടത്തിലെ സീലിംഗ്, സാനിട്ടറി ഫിറ്റിംഗ്സ്, ടൈലുകൾ എന്നിവയും ഗുണനിലവാരമില്ലാത്തവയാണെന്നും ആക്ഷേപമുണ്ട്
2. മഴക്കാലത്ത് കെട്ടിടത്തിൽ വെള്ളം കയറുന്നതും രേഖകൾ നശിക്കുന്നതും പതിവായതോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ പുതിയത്
അധികം താമസിയാതെ പഴയതിനേക്കാൾ മോശമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
നിർമ്മാണ
ചെലവ് :
3.28കോടി