ആലപ്പുഴ: ജനത്തിരക്കേറിയ ആലപ്പുഴ വനിതാശിശു ആശുപത്രിക്ക് മുന്നിൽ നിന്ന്

ശിശുക്ഷേമ സമിതിയുടെ കെട്ടിടത്തിലേക്ക് ജില്ലയിലെ ഏക അമ്മത്തൊട്ടിൽ മാറ്റാനുള്ള ഫണ്ടിനായി കാത്തിരിപ്പ് നീളുന്നു. പദ്ധതി നിർദ്ദേശം ജില്ലാകമ്മിറ്റിയിൽ നിന്ന് സംസ്ഥാനകമ്മിറ്റിയിലെത്തി പാസായിട്ട് നാളുകളേറെയായിട്ടും കാര്യങ്ങൾ ഒരടിപോലും മുന്നോട്ട് നീങ്ങിയില്ല. ആശുപത്രിയിലെത്തുന്നവരുടെ തിരക്കിന് പുറമേ, ഓട്ടാറിക്ഷാ സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ, റിസോർട്ട് എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് അമ്മത്തൊട്ടിൽ നിലവിലുള്ളത്. ഇത് അമ്മത്തൊട്ടിലിന്റെ രഹസ്യ സ്വഭാവം തന്നെ നഷ്ടമാക്കി. ജില്ലയിൽ നവജാത ശിശുഹത്യകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ

പുതിയ അമ്മത്തൊട്ടിൽ ആൾത്തിരക്കില്ലാത്ത സ്ഥലത്ത് വേണമെന്ന ആവശ്യവും ഏറിവരികയാണ്. വഴിയരികലെ ജനങ്ങളുടെ ശ്രദ്ധപതിയുമെന്നതിനാലാണ് ഇവിടെ നിന്ന് അമ്മത്തൊട്ടിൽ മാറ്റാൻ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാൽ ഫണ്ട് ലഭിക്കാത്തതിനാൽ അത് അനന്തമായി നീളുകയാണ്.

വേണ്ടത് ഹൈടെക്ക് തൊട്ടിൽ

1.നിലവിലെ അമ്മത്തൊട്ടിലിൽ കുട്ടിയെ കിടത്തിയാൽ അറിയിപ്പ് ലഭിക്കുന്നത് വനിതാ ശിശു ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസർക്കാണ്. ഹൈടെക്ക് തൊട്ടിൽ യാഥാർത്ഥ്യമായാൽ കുട്ടിയെ കിടത്തിയാലുടൻ അറിയിപ്പ് ജില്ലാ കളക്ടർക്കും ശിശുക്ഷേമസമിതി ഭാരവാഹികൾക്കും ലഭിക്കും

2.കുട്ടിയുടെ ചിത്രവും ഭാരവുമടക്കം അറിയിപ്പായി ലഭിക്കാൻ സൗകര്യമുണ്ടാകും. കുട്ടികളെ ഉപേക്ഷിക്കാനെത്തുന്നവർക്ക് പുനർചിന്തനത്തിന് അവസരമൊരുക്കുന്ന തരത്തിൽ റെക്കാഡ് ശബ്ദ അറിയിപ്പും മുറിയിലേക്ക് പ്രവേശിക്കുന്ന സമയമുണ്ടാകും.

3.കടപ്പുറം വനിതാ - ശിശു ആശുപത്രിയുടെ മതിലിനോട് ചേർന്ന് അമ്മത്തൊട്ടിൽ സ്ഥാപിച്ചത് 14 വർഷം മുമ്പ്.ജില്ലയിലെ ഏക അമ്മത്തൊട്ടിലായതിനാൽ ദൂരെ നിന്ന് രഹസ്യസ്വഭാവം നിലനിർത്തി കുട്ടിയെ എത്തിക്കുകയെന്നത് വെല്ലുവിളിയാണ്

4. ഇത് പലപ്പോഴും കുട്ടിയുടെ ജീവൻ തന്നെ ഇല്ലാതാക്കാമെന്ന തീരുമാനത്തിലേക്ക് നയിക്കാൻ കാരണമാകും. താലൂക്ക് അടിസ്ഥാനത്തിൽ ആധുനിക അമ്മത്തൊട്ടിലുകൾ വരേണ്ടത് അനിവാര്യമാണ്

5. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയോട് ചേർന്ന് അമ്മത്തൊട്ടിൽ വേണമെന്ന കാലങ്ങളായുള്ള ആവശ്യം സംസ്ഥാനകമ്മിറ്റി ഇതേവരെ പരിഗണിച്ചിട്ടില്ല

ആധുനിക അമ്മത്തൊട്ടിൽ

ചെലവ് :₹ 20 ലക്ഷം

ജീവിക്കാനുള്ള അവകാശം തടയരുത്


പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും ജീവിക്കുവാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിന് അമ്മ തൊട്ടിലിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കാത്തിരിക്കുന്ന അനേകം ദമ്പതിമാരുണ്ട്. നിയമ പ്രകാരം രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്ക് കുട്ടികളെ ദത്തു നൽകുവാൻ കഴിയുമെന്ന് ഡി.എം.ഒ പറഞ്ഞു

സംസ്ഥാനകമ്മിറ്റിയിൽ നിന്ന് ഫണ്ട് ലഭ്യമായാലുടൻ പുതിയ അമ്മത്തൊട്ടിലിന്റെ നിർമ്മാണം ആരംഭിക്കാനാകും

- നസീർ പുന്നയ്ക്കൽ, എക്സി.അംഗം, ജില്ലാശിശുക്ഷേമസമിതി

ഇതവരെ ലഭിച്ച

കുട്ടികൾ: 32

ആൺ:14

പെൺ:18

ശിശുക്ഷേമ സംരക്ഷണ സമിതി

പ്രവേശനം നൽകിയ കുട്ടികൾ : 109

കേന്ദ്രത്തിൽ താമസിക്കുന്നത് : 14