d

ആലപ്പുഴ: ഒറ്റ ദിവസം കൊണ്ട് 52 വാർഡുകളിൽ നിന്ന് ഹരിതകർമ്മസേനാ പ്രവർത്തകർ ശേഖരിച്ചത് 10 ടൺ ചില്ല് മാലിന്യം. ആലപ്പുഴ നഗരസഭാ പരിധിയിൽ ഇന്നലെ ആരംഭിച്ച ചില്ലു മാലിന്യ ശേഖരണം ഇന്നും തുടരും. പൊട്ടിയ കണ്ണാടികൾ, ബിയർ ബോട്ടിൽ, ഗ്ലാസ് ബോട്ടിൽ, പൊട്ടിയ ഗ്ലാസ് ജാറുകൾ എന്നീ മാലിന്യങ്ങളാണ് ശേഖരിച്ചത്. ശേഖരിച്ച മാലിന്യങ്ങൾ അംഗീകൃത ഏജൻസിയായ ക്ലീൻ കേരള നീക്കം ചെയ്യും. എല്ലാ വർഡുകളിലും കളക്ഷൻ പോയിന്റുകൾ സജ്ജമാക്കിയിരുന്നു. കൗൺസിലർമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആരോഗ്യ വിഭാഗം പ്രവർത്തകർ ഏകോപന ചുമതല വഹിച്ചു. പലരും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസ് കഷ്ണങ്ങൾ, ട്യൂബ് ലൈറ്റ്, ടി.വി മോണിറ്റർ, സ്റ്റിക്കർ ഗ്ലാസ് പോലുള്ളവ എത്തിച്ചെങ്കിലും അവ ആദ്യഘട്ടത്തിൽ സ്വീകരിക്കാനാവില്ലെന്ന് സേനാംഗങ്ങൾ വ്യക്തമാക്കി. മാലിന്യ ശേഖരണത്തിന് നിശ്ചയിച്ചിരിക്കുന്ന കലണ്ടർ പ്രകാരമാണ് ഇന്നലെയും ഇന്നുമായി ചില്ല് മാലിന്യം ശേഖരിക്കുന്നത്. കലണ്ടർ പ്രകാരം അതത് മാസങ്ങളിൽ ഇ - വേസ്റ്റുകൾ, ലെതർ, റെക്സിൻ ഉത്പന്നങ്ങൾ, ചെരുപ്പ്, തെർമോക്കോൾ തുടങ്ങിയവയും ശേഖരിക്കും.

........

104 കളക്ഷൻ പോയിന്റുകൾ

 ഇന്നലത്തെ കളക്ഷൻ

10 ടൺ ചില്ല് മാലിന്യം

ഇന്നത്തെ ഡ്രൈവ്

രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ

''പ്രവർത്തനങ്ങളോട് ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ട്. ഒരു വാർഡിൽ രണ്ട് കളക്ഷൻ പോയിന്റ് വീതം സജ്ജമാക്കിയിട്ടുണ്ട്.

ആരോഗ്യ വിഭാഗം, ആലപ്പുഴ നഗരസഭ