
ചേർത്തല:കഞ്ഞിക്കുഴി പുഷ്‌പോത്സവത്തിന് മായിത്തറയിൽ കൃഷിയിടത്തിൽ തുടക്കമായി.മഞ്ഞ,ഓറഞ്ച്,വെളുപ്പ് നിറങ്ങളിലുളള ചെണ്ടുമല്ലിയും വാടമുല്ലയും തുമ്പപ്പൂവാണ് വിശാലമായ പൂന്തോട്ടത്തിൽ കൃഷി ചെയ്തിട്ടുളളത്. മുപ്പതിനായിരം ചെടികൾ പൂക്കളുമായി നിൽക്കുന്ന വർണകാഴ്ചയാണ് കഞ്ഞിക്കുഴിയിലുളളത്.ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ മറ്റ് ജില്ലകളിൽ നിന്ന് വരെ ആളുകൾ എത്തുന്നുണ്ട്. കഞ്ഞിക്കുഴി ഒന്നാം വാർഡിൽ കർഷകനായ വി.പി.സുനിലും ഭാര്യ റോഷ്നി സുനിലും ചേർന്ന് രണ്ടര ഏക്കർ സ്ഥലത്ത് ഒരുക്കിയ വർണ്ണ കാഴ്ചയാണ് ആസ്വാദനം പകരുന്നത്.കഞ്ഞിക്കുഴി പുഷ്‌പോത്സവം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ,വൈസ് പ്രസിഡന്റ് എം.സന്തോഷ്‌കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബൈരഞ്ജിത്ത്, പഞ്ചായത്തംഗം മിനി പവിത്രൻ,കൃഷി ഡപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ,അസിസ്റ്റ്ന്റ് കൃഷി ഓഫീസർ എസ്.ഡി.അനില തുടങ്ങിയവർ പങ്കെടുത്തു.തിരുവോണദിവസം വരെ പുഷ്‌പോത്സവം ഉണ്ടാകും.മിതമായ നിരക്കിൽ പൂക്കളും ചെടികളും ഇവിടെ നിന്ന് വാങ്ങാൻ കഴിയും
ഓണ ചന്തകളിൽ നാടൻ പൂക്കൾക്ക് വിപണനം ഒരുക്കും
സർക്കാരിന്റെയും കുടുംബശ്രീകളുടേയും കർഷക കൂട്ടായ്മകളുടേയും ഓണ ചന്തകളിൽ നാടൻ പൂക്കൾക്ക് വിപണനം ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പി.പ്രസാദ്.കഞ്ഞിക്കുഴി മായിത്തറയിൽ പഞ്ചായത്തും, കൃഷി വകുപ്പും കർഷകനായ വി.പി.സുനിലും ചേർന്ന് ഒരുക്കിയ പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൂ കൃഷിയിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റം ഇത്തവണ ഉണ്ടായി.ചിലയിടങ്ങളിൽ വിപണന പ്രശ്നം ഉണ്ട്. ആസൂത്രണത്തിലെ പോരായ്മ പരിഹരിക്കും. പൂക്കളുടെ സീസൺകാലത്തും പ്രത്യേക പരിഗണന പൂ കർഷകർക്ക് കിട്ടണം. പുതിയ ആപ് വഴി ഈ ആസൂത്രണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.