sc

അരൂർ: അരൂർ -തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനിടെ പില്ലറുകൾ സ്ഥാപിക്കുന്നതിനായി ഉപയോഗിക്കുന്ന നീളമേറിയ പൈലിംഗ് യന്ത്രം ദേശീയപാതയ്ക്ക് കുറുകെ മറിഞ്ഞുവീണു. യന്ത്രത്തിന്റെ ക്യാബിനിൽ ഉണ്ടായിരുന്ന തൊഴിലാളി ചാടിയതിനാൽ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കാലിനാണ് പരിക്കേറ്റത്. യന്ത്രത്തിന്റെ അടിയിൽപ്പെട്ട് പാർക്ക് ചെയ്തിരുന്ന ജെ.സി.ബി തകർന്നു. മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി. ദേശീയപാതയിൽ ചന്തിരൂർ അൽ അമീൻ പബ്ലിക് സ്‌കൂളിന് സമീപം ഇന്നലെ പുലർച്ചെ 4 മണിയോടെ ആയിരുന്നു അപകടം. പൈലിംഗ് ജോലികൾ നടക്കുമ്പോൾ യന്ത്രത്തിനെ താങ്ങി നിർത്തുന്ന ചക്രങ്ങളും ഇരുമ്പ് ദണ്ഡുകളും മണ്ണിൽ പുതഞ്ഞു പോയതാണ് യന്ത്രം വീഴാൻ കാരണം. ഇതോടെ ദേശീയപാതയിൽ പടിഞ്ഞാറെ പാതയിലൂടെയുള്ള ഗതാഗതം നിലച്ചു. കിഴക്കേ പാതയിലൂടെ മാത്രം ഒരു വരി ഗതാഗതം വടക്ക് ഭാഗത്തേക്ക് ക്രമീകരിച്ചാണ് കടത്തിവിട്ടത്. തെക്ക് ഭാഗത്തേക്ക് ചന്തിരൂരിലെ പഴയ ദേശീയപാത വഴിയും കടത്തിവിട്ടു. സംഭവത്തെ തുടർന്ന് അരൂരിലും പരിസരപ്രദേശങ്ങളിലും രൂപപ്പെട്ട ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടു. സമാന്തരപാതകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. യന്ത്രഭാഗങ്ങൾ അഴിച്ചെടുത്ത് ഉയർത്തിയെടുക്കാൻ ക്രെയിനുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള നിർമ്മാണകമ്പനിയുടെ ശ്രമം അവസാനഘട്ടത്തിലാണ്. യന്ത്രം ഇന്ന് പൊക്കി മാറ്റാനാകുമെന്നാണ് കരുതുന്നത്.