ആലപ്പുഴ : ഹരിതകർമ്മ സേനയെ സഹായിക്കാനായി ഒരു വർഷം മുമ്പ് നഗരസഭ വാങ്ങിയ ബെയിലിംഗ് യന്ത്രം പണിമുടക്കുന്നത് പതിവാകുന്നു. 9.33ലക്ഷം രൂപ ചെലവഴിച്ചാണ് 2023 മാർച്ചിൽ യന്ത്രം വാങ്ങിയത്. കുറഞ്ഞ സ്ഥലത്ത് പ്ളാസ്റ്റിക് സംഭരിച്ച് വയ്ക്കുകയായിരുന്നു ലക്ഷ്യം. അടിക്കടി ഉണ്ടാകുന്ന യന്ത്രത്തകരാർ പരിഹരിച്ച് യന്ത്രം പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധം ശക്തമായി. ഇപ്പോഴത്തെ അവസ്ഥയിൽ 10ചാക്കുകളിൽ ശേഖരിക്കുന്ന പ്ളാസ്റ്റിക് പൊടിച്ചാൽ ഒരു ചാക്കിൽ കൊള്ളും. ഇതിലൂടെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ പ്ളാസ്റ്റിക് ശേഖരിക്കാനാകും. ഹരിതകർമ്മ സേനാംഗങ്ങൾ നിലവിൽ 15 ദിവസം വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും
പ്ളാസ്റ്റിക് സംഭരിക്കുന്നുണ്ട്. ഇവ തരം തിരിച്ച് ചാക്കുകളിൽ കെട്ടിവയ്ക്കുകയാണ് പതിവ്.അംഗീകൃത ഏജൻസികൾ എത്തി സംഭരിക്കാൻ വൈകിയാൽ മഴയും വെയിലും കൊണ്ട് കിടക്കും.നഗരത്തിൽ അഞ്ചിലധികം സ്ഥലത്താണ് പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ചിട്ടുള്ളത്.
വരും മൂന്ന് യൂണിറ്റുകൾ
 നഗരസഭയിൽ മൂന്ന് യൂണിറ്റ് ബെയിലിംഗ് യന്ത്രം സ്ഥാപിക്കാനാണ് തീരുമാനം
 ആലിശ്ശേരിയിൽ രണ്ടും പ്രവർത്തിക്കാതെ കിടക്കുന്ന ആധുനിക അറവുശാലയുടെ മുന്നിൽ ഒന്നും
 ആലിശ്ശേരിയിൽ യന്ത്രം സ്ഥാപിക്കുന്നതിനുള്ള കെട്ടിടത്തിന്റെ നിർമ്മാണം 80ശതമാനം പൂർത്തിയായി
 20 മിനിറ്റിൽ 75കിലോ പ്ളാസ്റ്റിക് പൊടിക്കാൻ ശേഷിയുള്ള യന്ത്രമാണ് സ്ഥാപിക്കുന്നത്.
ഹരിതകർമ്മസേനയ്ക്ക് സഹായകരമാകും വിധത്തിലാണ് ബെയിലിംഗ് യന്ത്രം പ്രവർത്തന സജ്ജമാക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ പ്ളാസ്റ്റിക് സംഭരിക്കാനുള്ള നേട്ടമാണ് യന്ത്രം സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
- കെ.കെ.ജയമ്മ, ചെയർപേഴ്സൺ, നഗരസഭ