വള്ളികുന്നം: ഭൂമി തരിശിടുന്നതൊഴിവാക്കാനും കൃഷി ആദായകരമാക്കാനും വള്ളികുന്നം പഞ്ചായത്തിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പയർ,​ ഉഴുന്ന്,​ മുതിര കൃഷി മൂന്നാംവർഷവും വിജയമായെങ്കിലും, വിത്ത് ചതിച്ചത് മില്ലറ്റ് ധാന്യകൃഷിയ്ക്ക് തിരിച്ചടിയായി. നാല് ഹെക്ടറോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ആരംഭിച്ച ബജ്റ,​ തിനം,​ ചോളം,​ റാഗി കൃഷിയിലാണ് വിത്ത് കിളിർക്കാതിരുന്നത്.

എന്നാൽ വിത്ത് പിഴച്ചതുകൊണ്ട് കൃഷി മതിയാക്കാനൊന്നും കൃഷി ഓഫീസർ നിഖിലും കർഷകരും ഒരുക്കമല്ല. ഇത്തവണ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്റിസർച്ചിൽ നിന്നും വിത്ത് എത്തിച്ച് വീണ്ടും കൃഷിയ്ക്കൊരുങ്ങുകയാണ് ഇവർ. കഴിഞ്ഞ മൂന്നുവർഷവും മികച്ച വിളവ് ലഭിച്ചതിനാൽ ഇത്തവണയും കേരളത്തിന്റെ പരമ്പരാഗത ധാന്യവർഗങ്ങളായ പയറും മുതിരയും ഉഴുന്നുമുൾപ്പെടെ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് വള്ളികുന്നം കൃഷി ഭവൻ.

കൃഷിവകുപ്പ് ആവിഷ്കരിച്ച പ്രോട്ടീൻ ഉദ്യാനം പദ്ധതിയുടെ ഭാഗമായാണ് വള്ളികുന്നത്ത് ധാന്യകൃഷി പുനരാരംഭിച്ചത്. ഇരുപ്പൂകൃഷിയിൽ കൊയ്ത്തുകാലത്തിന് പിന്നാലെ ഒക്ടോബർ, ഫെബ്രുവരി മാസങ്ങളിലാണ് വേനൽ വിളയായി വയലിലും തെങ്ങിൻതോപ്പിലും പയറുൾപ്പെടെയുള്ള ധാന്യങ്ങളുടെ കൃഷി.

വള്ളികുന്നം ബ്രാന്റും വിജയം

1.തുടക്കത്തിൽ പയറിൽ നിന്നും വലിയവിളവൊന്നും പ്രതീക്ഷിച്ചിരുന്നില്ല. വിത്തും വളപ്രയോഗവുമുൾപ്പെടെ ചെലവുകൾ കൃഷിവകുപ്പ് ഏറ്രെടുക്കുകയും കൃഷിയെ കർഷകർനെഞ്ചേറ്റുകയും ചെയ്തപ്പോൾ വിളവ് നൂറുമേനിയായി

2.വള്ളികുന്നത്തെ വിജയം നാട്ടിലും കൃഷിവകുപ്പിലും ചർച്ചയായതിന് പിന്നാലെ സ്വന്തം ബ്രാന്റിൽ പയറുൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചതോടെ ഹിറ്റായി

3.കഴിഞ്ഞ മൂന്നു വർഷങ്ങളായി ടൺകണക്കിന് പയറും ഉഴുന്നും മുതിരയും വിളവെടുത്തതോടെ ഇത്തവണ കൂടുതൽ കർഷകർ കൃഷിയ്ക്ക് സന്നദ്ധരായിട്ടുണ്ട്. നാൽപ്പത് ഹെക്ടറിലധികം സ്ഥലത്തായിരുന്നു കഴിഞ്ഞതവണത്തെ കൃഷി

ഇത്തവണ തണ്ണിമത്തനും

ധാന്യകൃഷിയ്ക്കൊപ്പം വേനൽക്കാലത്ത് മെയ്യും മനവും കുളിർപ്പിക്കാൻ തണ്ണിമത്തനും വള്ളികുന്നത്ത് കൃഷിയിറക്കാനാണ് കൃഷി വകുപ്പ് ആലോചിക്കുന്നത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത തണ്ണിമത്തൻ കൃഷിയ്ക്ക് നല്ല പ്രതികരണം ലഭിച്ചിരുന്നു.

വള്ളികുന്നം ബ്രാന്റ് (വില കിലോഗ്രാമിന്)

മുതിര : 100-120 രൂപ

വൻപയർ, ചെറുപയർ, ഉഴുന്ന് : 150രൂപ

നിലക്കടല : 100 രൂപ

ഉഴുന്ന് : 180

ആകെ കൃഷിസ്ഥലം : 2300 ഹെക്ടർ

തെങ്ങ് : 1300 ഹെക്ടറിൽ

നെല്ലും മറ്റിനവും: 1000 ഹെക്ടറിൽ

'മികച്ച മില്ലറ്റ് ധാന്യങ്ങളുടെ വിത്ത് ലഭ്യമാക്കി ചെറുധാന്യകൃഷിയിൽ വീണ്ടും പരീക്ഷണം നടത്താനാണ് തീരുമാനം.പയറിനും ഉഴുന്നിനും മുതിരയ്ക്കുമുൾപ്പെടെ വിപണിയിൽ നല്ല ഡിമാന്റാണുള്ളത്. കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും

-നിഖിൽ ആർ.പിള്ള , കൃഷി ഓഫീസർ, വള്ളികുന്നം