
മാന്നാർ: തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് മാന്നാർ മാർക്കറ്റ് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന പഴയ ഗവ.ആയുർവേദാശുപത്രി കെട്ടിടം നാടിന് ബാദ്ധ്യതയായി മാറുന്നു. ടൗണിന് നടുവിൽ ഉപയോഗശോന്യമായി നിലകൊള്ളുന്ന ഈ കോൺക്രീറ്റ് കെട്ടിടം പൊളിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
1972 വരെ മാന്നാറിലെ പൊലീസ് സ്റ്റേഷൻ ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് വർഷങ്ങളോളം വെറുതെ കിടന്നിരുന്ന കെട്ടിടം ഗവ.ആയുർവേദ ഡിസ്പെൻസറിയായി മാറ്റുകയായിരുന്നു. മൂന്നു സെന്റ് വസ്തുവിൽ ചുറ്റുമതിലോടു കൂടിയ കെട്ടിടം റോഡിനോട് വളരെ ചേർന്നായിരുന്നതിനാൽ പാർക്കിംഗ് സൗകര്യവും ഉണ്ടായിരുന്നില്ല. കാലപ്പഴക്കത്താൽ തകരാറിലായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ പെടുത്തിയതോടെ ഗവ.ആയുർവേദ ഡിസ്പെൻസറി മാന്നാർ പഞ്ചായത്ത് പതിനാറാംവാർഡിൽ വാടകക്കെടുത്ത കെട്ടിടത്തിലേക്ക് മാറിയെങ്കിലും പഴയ കെട്ടിടം പൊളിച്ച് നീക്കാൻ നടപടിയുണ്ടായില്ല.
താൽക്കാലികമായിട്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ പല ഭാഗത്തു നിന്നും നിർദേശങ്ങൾ ഉയർന്നെങ്കിലും പൊളിച്ചു മാറ്റണമെന്നാണ് അധികൃതരുടെ നിലപാട്. മാർക്കറ്റ് ജംഗ്ഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ മത്സ്യ വിപണന കേന്ദ്രമായി മാറ്റണമെന്നാണ് മത്സ്യ വ്യാപാരികൾ ആവശ്യപ്പെടുന്നത്. സാംസ്‌കാരിക നിലയമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പാരിസ്ഥിതിക സംഘടനയായ മിലൻ 21 നിവേദനം നൽകിയിരുന്നു.
ടൗണിലെ മാലിന്യം തള്ളുന്നത് ഇവിടെ
ഉപയോഗശൂന്യമായ ആയുർവേദ ആശുപത്രി കെട്ടിടം കാട് കയറിയും മാലിന്യ നിക്ഷേപകേന്ദ്രമായും മാറി
ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെയും മറ്റും ചപ്പുചവറുകൾ നിക്ഷേപിക്കുന്നത് ഇവിടെയാണ്
ഈ കെട്ടിടത്തിന് സമീപത്തുകൂടി നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്
കെട്ടിടത്തോട് ചേർന്നുള്ള ഓടയിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്
കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി മാന്നാർ മീഡിയ സെന്ററായി നിലനിർത്തണം. മാന്നാർ മീഡിയ സെന്ററിന് സ്വന്തമായി കെട്ടിടം വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനും പരിഹാരമാകും
- സാജു ഭാസ്കർ (പ്രസിഡന്റ്) ആ അൻഷാദ് മാന്നാർ (സെക്രട്ടറി), മാന്നാർ മീഡിയ സെന്റർ