
ആലപ്പുഴ : ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളുടെ 7.60കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ ക്രൈംബാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശി ഭഗവാൻ റാംപട്ടേലിനെയാണ് ഡിവൈ എസ്.പി സുനിൽ രാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒരാൾ കൂടി കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പാണ് ഇത്. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം.
പൊലീസ് പറയുന്നത് : വാട്സാപ്പിലൂടെ പരിചയപ്പെട്ടാണ് പലതവണകളായി പണം തട്ടിയെടുത്തത്. ഷെയർ ട്രേഡിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില കമ്പനികളുടെ അധികാര സ്ഥാനത്തുള്ളവരാണ് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും വ്യാജരേഖകൾ കാണിച്ചും നിക്ഷേപത്തിന് ഉയർന്ന ലാഭം നൽകുമെന്ന് വിശ്വസിപ്പിച്ചുമാണ് പണം വാങ്ങിയത്. നിക്ഷേപവും ലാഭവും ചേർത്ത് അക്കൗണ്ടിൽ ഉണ്ടെന്ന് വ്യാജ സ്റ്റേറ്റ്‌മെന്റ് അയച്ച് വിശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് നിക്ഷേപം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഡോക്ടർ ദമ്പതികൾ നിരസിച്ചപ്പോൾ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു. നിക്ഷേപിച്ച തുക തിരികെ കിട്ടണമെങ്കിൽ രണ്ട് കോടി രൂപ കൂടി നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ ഡോക്ടർ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺകാളുകൾ നിരീക്ഷിച്ച് ആഴ്ചകളോളം ബംഗളൂരുവിൽ താമസിച്ച് അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് യെലഹങ്ക എന്ന സ്ഥലത്തു നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പരിശോധിച്ചുവരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ക്രൈംബ്രാഞ്ച് എസ്.ഐ അഗസ്റ്റിൻ വർഗീസ്, എ.എസ്.ഐമാരായ വി.വി.വിനോദ്, ഹരികുമാർ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.ഐ ജി.അരുൺ, എസ്.ഐമാരായ സജികുമാർ, എസ്.സുധീർ, സീനിയർ സി.പി.ഒ ബൈജുമോൻ, ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.