
ഹരിപ്പാട്: തന്നെ സിമിക്കാരനാക്കി സസ്‌പെൻഡ് ചെയ്യിക്കാൻ മലപ്പുറം എസ്.പി ശശിധരൻ ശ്രമിച്ചെന്ന് ആരോപണവുമായി റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് എം. താഹയുടെ ഫേസ്ബുക്ക് പോസ്റ്റ്. 2009ൽ നോർത്ത് പറവൂർ മജിസ്ട്രേട്ടായിരുന്നപ്പോഴായിരുന്നു സംഭവം.
പാനായിക്കുളം എൻ.ഐ.എ കേസിലെ 17-ാം പ്രതി നിസാമിന് ഉപാധികളോടെ ജാമ്യം അനുവദിച്ചതാണ് അന്ന് ഡിവൈ.എസ്.പിയായിരുന്ന ശശിധരനെ ചൊടിപ്പിച്ചത്. ഒന്നും കഴിച്ചില്ലെന്ന് പറഞ്ഞ പ്രതിക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാൻ പറഞ്ഞതാണ് ശശിധരനെ ചൊടിപ്പിച്ചത്. തുടർന്ന് കേസ് ഡയറി ചോദിച്ചപ്പോൾ പൂർത്തിയാകാത്തത് കൊണ്ട് ഹാജരാക്കാൻ സമയം വേണമെന്ന് ശശിധരൻ പറഞ്ഞു. ഇതും ശശിധരന് ഇഷ്ടമായില്ല. ഡയറി പരിശോധിച്ചപ്പോൾ പ്രതിയെ കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് ജാമ്യം നൽകിയത്. തുടർന്നാണ് ശശിധരൻ ഉന്നതനെ കൂട്ട് പിടിച്ചു തന്നെ സസ്‌പെൻഡ് ചെയ്യിക്കാൻ ശ്രമിച്ചത്. ആരോപണത്തിൽ അന്വേഷണം നടന്നെങ്കിലും താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെന്നും ഹരിപ്പാട് സ്വദേശിയായ താഹ പറഞ്ഞു.