ആലപ്പുഴ : കുടിവെള്ള ക്ഷമാത്തിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി ഭരണകക്ഷി എം.എൽ.എ എച്ച്.സലാമിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കളക്ടറേറ്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ സമരം നടത്തി. അമ്പലപ്പുഴ മണ്ഡലത്തിലും നഗരത്തിലും കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ്. ദേശീയപാതയുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും അനാസ്ഥക്കെതിരെയാണ് സമരവുമായി രംഗത്തെത്തിയത്. പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിനെത്തുടർന്ന് രണ്ടുമണിക്കൂർ നീണ്ടുനിന്ന സമരം എച്ച്.സലാം അവസാനിപ്പിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പ് ലൈനുകൾ നിരന്തരമായി പൊട്ടുന്നതിനൊപ്പം തകരാറുകൾ പരിഹരിക്കാത്തതാണ് പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ നഗരസഭയിലെ കൗൺസിലർമാരും അമ്പലപ്പുഴ സൗത്ത്, പുറക്കാട് പഞ്ചായത്തുകളിലെ അംഗങ്ങളും സമരത്തിൽ പങ്കുചേർന്നു. പുറക്കാട്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ നീർക്കുന്നം, വണ്ടാനം, പുന്നപ്ര, ആലപ്പുഴ നഗരസഭയിലെ കളർകോട്, പള്ളാത്തുരുത്തി എന്നിവിടങ്ങളിലാണ് കുടിവെള്ളം കിട്ടാക്കനിയായത്. ദേശീയപാത അധികൃതരും നിർമാണകമ്പനിയും ഈവിഷയത്തിൽ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് സമരത്തിന് എം.എൽ.എ ആരോപിച്ചു. അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, വൈസ് പ്രസിഡന്റ് പി.രമേശൻ, പഞ്ചായത്ത് അംഗങ്ങളായ നിഷാ മനോജ്, മേരി ലീന, ആലപ്പുഴ നഗരസഭ കൗൺസിലർമാരായ എ.എസ്.കവിത, സി.അരവിന്ദാക്ഷൻ, ബി.നസീർ, ബീനാ രമേശ്, എം.ആർ.പ്രേം, സിമി ഷാഫിഖാൻ, എസ്.മനീഷ, നജിത ഹാരിസ്, ബി.അജേഷ് എന്നിവർ സമരത്തിൽ പങ്കെടുത്തു.

ഇടപെടലുമായി കളക്ടർ

എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് പിന്നാലെ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് വിളിച്ചു ചേർത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ദേശീയപാത നിർമാണകമ്പനി പ്രതിനിധികളുടെയും യോഗത്തിൽ, കൂടുതൽ ടീമിനെ നിയോഗിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി. ദേശീയപാത നിർമാണത്തിനിടെ പൊട്ടുന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നിലവിലെ രണ്ടുടീമിനെ കൂടാതെ നാലുടീമിനെ നിയോഗിക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ് ലൈൻ സ്ഥാപിച്ച് കണക്ഷൻ പരിശോധിച്ച് പമ്പിംഗ് പൂർത്തിയാക്കും. നഗരത്തിന്റെ കിഴക്കൻമേഖലയിലും പള്ളാത്തുരുത്തി, കളർകോട് ഭാഗങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ തൂക്കുകുളത്തിലെ കുഴൽക്കിണറിൽ കപ്പാസിറ്റികൂടിയ മോട്ടോർ സ്ഥാപിക്കും.

ആഴ്ചകളായി കുടിവെള്ളപ്രശ്‌നമുണ്ട്. ദേശീയപാത നിർമാണത്തിനിടെ പൊട്ടുന്ന കുടിവെള്ള പൈപ്പുകളുടെ തകരാർ അപ്പോൾ തന്നെ പരിഹരിക്കണമെന്ന് കളക്ടേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിരുന്നതാണ്. ഇക്കാര്യത്തിൽ നിർമ്മാണകമ്പനി ഉത്തരവാദിത്വം നിറവേറ്റുന്നില്ല

- എച്ച്.സലാം എം.എൽ.എ