ആലപ്പുഴ : വാടക കുടുശികയെ തുടർന്ന് പൂട്ടുവീണ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കാന്റീൻ ഓണത്തിന് ശേഷം തുറക്കാൻ സാദ്ധ്യത. ഇ- ടെണ്ടർ പൂർത്തിയാക്കി കരാർ ഏറ്റെടുത്ത ആലപ്പുഴ വെള്ളക്കിണർ സ്വദേശി കാന്റീന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഒരു വർഷത്തേയ്ക്കോ പുതിയ കരാർ നിലവിൽ വരുന്നതുവരെയോ ആണ് കരാർ.
പഴയ കരാറുകാരൻ 5ലക്ഷം രൂപ വാടക കുടിശിക വരുത്തിയതോടെയാണ് ആഗസ്റ്റിൽ കാന്റീൻ അടച്ചുപൂട്ടിയത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമെല്ലാം ദുരിതത്തിലായി.

സ്വകാര്യ ഹോട്ടൽ ഉടമകളെ സഹായിക്കാനാണ് കാന്റീൻ തുറക്കാൻ വൈകുന്നതെന്ന ആക്ഷേപവും വ്യാപകമായി ഉയർന്നിരുന്നു.

വാടക കുടിശികയ്ക്ക് റിക്കവറി

1.രണ്ട് വർഷത്തേക്ക് മാസം 5,10,000രൂപ വാടകയും 18ശതമാനം ജി.എസ്.ടിയും അടക്കാമെന്ന വ്യവസ്ഥയിലാണ് നിലമ്പൂർ സ്വദേശി കാന്റീൻ കരാർ എടുത്തത്. ദിവസം 1.5ലക്ഷത്തോളം വിറ്റു വരവാണ് പ്രതീക്ഷിച്ചത്. എന്നാൽ, അതുണ്ടായില്ലെന്നാണ് കരാറുകാരൻ പറയുന്നത്

2.കരാറുകാരൻ വാടക കുടിശിക വരുത്തിയതോടെ തുക റവന്യുറിക്കവറി നടത്തി ഈടാക്കാൻ അമ്പലപ്പുഴ തഹസീൽദാർക്ക് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് കത്തുനൽകി. കരാറുകാരന്റെ കാന്റീനിലുള്ള 11ലക്ഷം രൂപയുടെ ഫർണിച്ചർ ഇതിനായി ജപ്തി ചെയ്യും

കോഫി ഹൗസും പൂട്ടി

അതേസമയം, ആശുപത്രി വളപ്പിലെ കോഫി ഹൗസ് തുറക്കണമെന്ന ആവശ്യം ശക്തമായി.

സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കോഫി ഹൗസ് കെട്ടിടം പൊളിച്ചത്. പകരം സ്ഥലം നൽകാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും ഡി.എം.ഒയുമായുള്ള തർക്കം വിജിലൻസ് കേസിലെത്തി നിൽക്കുകയാണ്.

കാന്റീൻ നടത്തിപ്പിന് പുതിയ കരാർ ഉറപ്പിച്ച സാഹചര്യത്തിൽ ഓണത്തിന് ശേഷം തുറക്കും. വാടക കുടിശിക വരുത്തിയ കരാറുകാരനെതിരെ ജപ്തി നടപടി സ്വീകരിക്കും

- ഡോ.അബ്ദുൾ സലാം, സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി