ആലപ്പുഴ : ഓണത്തിന് ന്യായവിലയിൽ പച്ചക്കറികൾ വിപണിയിലെത്തിക്കാൻ ഓണച്ചന്തകൾ ഒരുങ്ങുന്നു. കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് മുതൽ 14 വരെ 172 ഓണച്ചന്തകൾ തുറക്കും. കൃഷിവകുപ്പിന്റെ 80ചന്തകളും, വെജിറ്റബിൾ ആൻഡ് ക്രോപ്പ് കൗൺസിൽ കേരളയുടെ 12 ചന്തകളും, ഹോർട്ടികോർപ്പിന്റെ 80 ചന്തകളും പ്രവർത്തിക്കും. പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച ഗുണമേന്മയുള്ള പച്ചക്കറികളാണ് വിൽപ്പനയ്ക്കായെത്തിക്കുക. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കൃഷിഭവനുകൾ വഴി വിപണി സംഭരണ വിലയേക്കാൾ 10ശതമാനം അധികം നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. രാവിലെ 9.30ന് മാവേലിക്കര കൃഷിതോട്ടത്തിൽ ഓണച്ചന്തയുടെ ജില്ലതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ആദ്യവില്പന നിർവഹിക്കും.