
# താക്കോൽദാനം നാളെ
മാന്നാർ: ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായ കുരട്ടിക്കാട് തറയിൽ കിഴക്കേതിൽ ഓമനയമ്മയ്ക്കും കുടുംബത്തിനും മാന്നാർ കുരട്ടിക്കാട് കെ.ആർ.സി വായനശാല നിർമ്മിച്ചുനൽകുന്ന സ്നേഹഭവന്റെ താക്കോൽദാനം നാളെ നടക്കും. രോഗിയായ മാതാവും പക്ഷാഘാതം ബാധിച്ച് തളർന്നുകിടക്കുന്ന മകളും ആരോഗ്യപ്രശ്നങ്ങളുള്ള മകനും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ദുരിതം അറിഞ്ഞ ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരക്കൽ പ്രസിഡന്റായുള്ള കെ.ആർ.സി വായനശാല, വീട് പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. സലിം പടിപ്പുരക്കലിന്റെയും വായനശാല സെക്രട്ടറി സുരേഷ് കുമാറിന്റെയും നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ തുക കണ്ടെത്തിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.
നാളെ കുരട്ടിക്കാട് പൈനുംമൂട് ജംഗ്ഷനിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ ഓമനയമ്മക്ക് വീടിന്റെ താക്കോൽ കൈമാറും. വിദ്യാഭ്യാസ മെറിറ്റ് അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വത്സല മോഹൻ ഓണസന്ദേശം നൽകും. ഓണക്കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് നിർവഹിക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി മുഖ്യപ്രഭാഷണം നടത്തും.