e

ആലപ്പുഴ : കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം കലവൂരിൽ പരിചയക്കാരായ ദമ്പതികൾ താമസിച്ചിരുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ദമ്പതികൾ ഒളിവിലാണ്. ഇവരുടെ ബന്ധു കസ്റ്റഡിയിലുണ്ടെന്ന് സൂചന.

കടവന്ത്ര ശിവകൃപയിൽ സുഭദ്ര‌യുടെ (73) മൃതദേഹമാണ് അഴുകിയ നിലയിൽ മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ വിൽസന്റെ ഉടമസ്ഥതയിലുള്ള പഴമ്പാശ്ശേരി വീടിന് പിൻവശത്തെ പുരയിടത്തിൽ കണ്ടെത്തിയത്. ഇവിടെ താമസിച്ചിരുന്ന കാട്ടൂർ സ്വദേശി മാത്യൂസും (നിഥിൻ), ഭാര്യ ഉഡുപ്പി സ്വദേശി ശർമ്മിളയുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം.

ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്ര‌യെ കഴിഞ്ഞമാസം നാലാംതീയതി മുതലാണ് കാണാതായത്. ആറാം തീയതി മക്കൾ കടവന്ത്ര പൊലീസിൽ പരാതി നൽകി. ശർമ്മിളയും സുഭദ്രയും പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ കടവന്ത്ര പൊലീസിന് ലഭിച്ചു. സുഭദ്ര‌യുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അവസാനമെത്തിയത് ആലപ്പുഴയിലെ കലവൂർ കോർത്തുശേരിയിലാണെന്നും വ്യക്തമായി. ശർമ്മിളയ്ക്കൊപ്പം സുഭദ്ര പോകുന്നതിന്റെ ക്യാമറ ദൃശ്യം കലവൂരിൽ നിന്നു ലഭിച്ചതോടെ പൊലീസ് 13ന് പഴമ്പാശ്ശേരി വീട്ടിലെത്തിയെങ്കിലും താമസക്കാരായ മാത്യൂസും ശർമ്മിളയും ഇവിടെയില്ലായിരുന്നു. നിഥിനും ശർമ്മിളയും ഒന്നരവർഷത്തോളമായി ഇവിടെ താമസിച്ചുവരികയായിരുന്നു.

പിൻവശത്ത് തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചെന്ന് നിർമ്മാണത്തൊഴിലാളി മൊഴി നൽകി. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മക്കളായ രാജീവും രാധാകൃഷ്ണനും എത്തി തിരിച്ചറിഞ്ഞതിനെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡി.എൻ.എ പരിശോധനയടക്കം നടത്തും. ഫോറൻസിക് സംഘം വീട്ടിൽ നിന്നടക്കം തെളിവ് ശേഖരിച്ചു.

സ്വർണം അപഹരിക്കാൻ

നടത്തിയ കൊലപാതകം

സ്വർണം അപഹരിക്കുന്നതിനായി നടത്തിയ കൊലപാതകമെന്നാണ് നിഗമനം. ആലപ്പുഴയിലെ സ്വർണാഭരണശാലയിലടക്കം നിഥിൻ സ്വ‌ർണംവിറ്റതിന്റെ രേഖകൾ പൊലീസിന് ലഭിച്ചു. പതിവായി ആരാധനാലയങ്ങൾ സന്ദർശിച്ചിരുന്ന സുഭദ്ര‌യും ശ‌ർമ്മിളയും അത്തരത്തിലാണ് പരിചയപ്പെട്ടതെന്നാണ് നിഗമനം. സുഭദ്ര കടവന്ത്രയിൽ നടത്തിയിരുന്ന ഹോസ്റ്റലിൽ ശർമ്മിള വിവാഹത്തിന് മുമ്പ് താമസിച്ചിരുന്നു.

കഴിഞ്ഞ മാസം ആറിന് നിഥിനും ശർമ്മിളയും ഇവരുടെ ഒരുബന്ധുവും സുഭദ്രയും ഒരുമിച്ച് വാടക വീട്ടിലേക്ക് വരുന്നത് കണ്ടതായി അയൽവാസിയായ വില്യമും ഭാര്യ മോളിയും പറഞ്ഞു.

ആ ബന്ധുവാണ് കസ്റ്റഡിയിലുള്ളതെന്ന് അറിയുന്നു. ജൂലായിലും സുഭദ്ര ഈ വീട്ടിൽ വന്നിരുന്നതായി അയവാസിയും അങ്കണവാടി ടീച്ചറുമായ മറിയാമ്മയും പറഞ്ഞു. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസാണ് കേസന്വേഷിക്കുന്നത്.