
ഹരിപ്പാട്: നിർമ്മിക്കുന്ന കലുങ്കിന് വീതിയില്ല, രണ്ട് വാർഡുകളിലെ വീടുകളിൽ വെള്ളം കയറാൻ സാധ്യത. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നിർമ്മിക്കുന്ന ചേപ്പാട്- ചൂള തെരുവ് റോഡിൽ ഒഴുക്ക്നീറ്റിൽ ജംഗ്ഷനിലെ കലുങ്ക് വീതി കുറച്ചാണ് നിർമ്മിക്കുന്നതെന്ന് നാട്ടുകാരുടെ ആരോപണം. പഴയ കലുങ്കിന് ഒരു മീറ്റർ നീളവും വീതിയും ഉണ്ടായിരുന്നു. എന്നാൽ പുനർ നിർമ്മിച്ചപ്പോൾ 70 സെൻറീമീറ്റർ ആയി ചുരുക്കി. ചേപ്പാടിന്റെ തെക്ക് പ്രദേശത്ത് നിന്ന് ഒഴുകി എത്തുന്ന ജലം ഈ കലുങ്ക് വഴിയാണ് വടക്ക് എൻ.ഡി.പി.സിക്ക് പണിത കനാലിലേക്ക് എത്തുന്നത്. കലുങ്കിന്റെ വീതിയും നീളവും കുറയുന്നതോടെ തെക്കു നിന്നുള്ള നീരൊഴുക്ക് തടസ്സപ്പെടും. ഇത് കാരണം ചേപ്പാട് പഞ്ചായത്തിലെ 12, 13 വാർഡുകളിലെ നിരവധി വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. കിണർ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ മലിനപ്പെടുമെന്നും നാട്ടുകാർ ഭയപ്പെടുന്നു. ഉദ്യോഗസ്ഥലത്തിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചപ്പോൾ ഉണ്ടായ പിശക് തിരുത്തി കലുങ്ങിന്റെ ആഴവും വീതിയും വർദ്ധിപ്പിച്ചു കലുങ്ക് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരത്തിൽ കലുങ്ക് നിർമ്മിക്കാത്ത പക്ഷം റോഡ് നിർമ്മാണം തടയുമെന്നും ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പററയുന്നത്. വിവരങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി എം ബി രാജേഷിന് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. ചേപ്പാട് പഞ്ചായത്ത് പഞ്ചായത്ത് അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്.