math

മുഹമ്മ : കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്ര‌യുടെ കൊലപാതത്തിൽ പ്രതികളെന്ന് സംശയിക്കുന്ന കാട്ടൂർ സ്വദേശി മാത്യുവും ഭാര്യ ശർമ്മിളയും അമിതമദ്യപാനികളും ആരെയും അനുസരിക്കാത്ത പ്രകൃതക്കാരുമാണെന്ന് മാത്യുവിന്റെ പിതാവ് ക്ളീറ്റസ്.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ പള്ളിയ്ക്ക് സമീപം പള്ളിപ്പറമ്പിൽ നിധിൻ എന്നുവിളിക്കുന്ന മാത്യു 18വയസു മുതൽ അച്ഛനെയും അമ്മയെയും വകവയ്ക്കാത്തവനും മദ്യപാനിയുമായിരുന്നു. ഇയാളെ നന്നാക്കാൻ ആശുപത്രിയിലും ധ്യാനകേന്ദ്രങ്ങളിലുമൊക്കെ കൊണ്ടു പോയിരുന്നതായും പിതാവ് പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന കാലത്ത് മാല പൊട്ടിക്കൽ കേസിലും പെട്ടിട്ടുണ്ട്.

ആലപ്പുഴ രൂപതയുടെ സ്കൂളിൽ പ്യൂൺ ആയി താൽക്കാലിക ജോലി മുമ്പ് മാത്യുവിന് ലഭിച്ചിരുന്നു. കമ്പ്യൂട്ടർ പഠനം പൂർത്തിയാക്കിയാൽ സ്ഥിരമായി നിയമിക്കപ്പെടുമായിരുന്നു. ഇതിനായി രൂപതയുടെ സ്ഥാപനത്തിൽ കമ്പ്യൂട്ടർ പഠനം സൗകര്യപ്പെടുത്തിയെങ്കിലും അത് പൂർത്തിയാക്കിയില്ല. ഇതിനുശേമായിരുന്നു ആദ്യ വിവാഹം. മാത്യുവിന്റെ അമിത മദ്യപാനവും നിയന്തരമുള്ള വഴക്കും കാരണം ആ ബന്ധം വിവാഹ മോചനത്തിൽ കലാശിച്ചു. പിന്നീടാണ് ശർമ്മിളക്കൊപ്പം താമസം തുടങ്ങിയത്.

ഈ വിവാഹത്തിനു ശേഷവും നിരന്തരം കുടുംബവീട്ടിൽ പ്രശ്നങ്ങളായിരുന്നു. അമിതമായി മദ്യപിച്ച് വഴക്കിടുകയും വീടുംസ്ഥലവും തങ്ങളുടെ പേരിൽ എഴുതി നൽകണമെന്ന് പറഞ്ഞു മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

4 വർഷം മുമ്പായിരുന്നു മാത്യുവിന്റെയും ശർമ്മിളയുടെയും വിവാഹം. വീട്ടിൽ ബഹളം പതിവായതോടെ ഇരുവരെയും കുടുംബവീട്ടിൽ നിന്നിറക്കിവിട്ടു. തുടർന്നാണ് കോർത്തുശേരി അമ്പലത്തിനു സമീപത്തെ വാടകവീട്ടിൽ താമസം തുടങ്ങിയത്.

ഇവിടെയും ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഒരിക്കൽ കലഹം മൂത്ത് ശർമ്മിള മാത്യുവിന്റെ കൈയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. എന്നാൽ മടൽ കീറിയപ്പോൾ തനിയെ മുറിഞ്ഞതാണെന്ന് ഡോക്ടറോട് പറഞ്ഞ് മാത്യു ശർമ്മിളയെ രക്ഷപ്പെടുത്തി. മാത്യുവിവ് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്.