ആലപ്പുഴ : ജില്ലയിലെ അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള വിപുലമായ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. 'വിജ്ഞാന ആലപ്പുഴ' പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സംസ്ഥാന സർക്കാരിന്റെ കെഡിസ്‌ക്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ജില്ലാപഞ്ചായത്ത് 2022- 23 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഡിവിഷണുകളിൽ സംഘടിപ്പിച്ച തൊഴിൽ മേളകളിൽ 3500 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. 250 പെയ്ഡ് പാലിയേറ്റീവ് വോളണ്ടിയർമാരിൽ 55 പേർക്ക് ഇതിനോടകം ജോലി ലഭിച്ചതായും 'വിജ്ഞാന ആലപ്പുഴ' പദ്ധതി പ്രഖ്യാപനത്തോടനുബന്ധിച്ച് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, അംഗം ആർ.റിയാസ്, സെക്രട്ടറി കെ.ആർ.ദേവദാസ് എന്നിവർ പങ്കെടുത്തു.

12 ബ്ലോക്കുകളിലും സംവിധാനം

# ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീ മിഷനും വിജ്ഞാന ആലപ്പുഴ പദ്ധതിയിൽ അണിചേരും

#ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ 1,03,442 തൊഴിൽ അന്വേഷകർ രജിസ്റ്റർ ചെയ്തു

# തൊഴിൽ അന്വേഷകരെ സഹായിക്കാൻ 12 ബ്ലോക്കുകളിലും സംവിധാനം പ്രവർത്തന സജ്ജമാക്കും

# അഭിമുഖ പരിശീലനം, വ്യക്തിത്വ വികസന പരിശീലനം, ഇംഗ്ലീഷ് പരിശീലനം, സ്‌കിൽ ഗ്യാപ് ട്രെയിനിംഗ് എന്നിവസംഘടിപ്പിക്കും

# കരിയർ ബ്രേക്ക് സംഭവിച്ചവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ നൈപുണ്യ പരിശീലനങ്ങൾ നൽകുന്നതോടൊപ്പം വർക്ക് ഫ്രം ഹോം, വർക്ക് നിയർ സാദ്ധ്യതകൾ പരിശോധിച്ച് നടപ്പാക്കും