ആലപ്പുഴ: കയറുമായി കഷ്ടപ്പെട്ട് മരക്കൊമ്പിൽ കയറി കെട്ടി തടിപ്പലകയുമുറപ്പിച്ച് ഊഞ്ഞാലിടുന്ന പഴയകാലത്തിന് വിട. നേരെ വാങ്ങി കെട്ടാവുന്ന തരത്തിലുള്ള റെഡിമെയ്ഡ് തടി ഊഞ്ഞാലുകൾ വിപണിയിൽ താരമാകുന്നു.
കനംകൂടിയ പലകയിൽ പ്ലാസ്റ്റിക് കയർ കോർത്താണ് തടി ഊഞ്ഞാൽ തയ്യാറാക്കുന്നത്. മുതിർന്നവർക്കു വരെ ആടാൻകഴിയുന്നത്ര ബലം ഉറപ്പാക്കിയിട്ടുമുണ്ട്. ഒരാൾക്ക് മുതൽ മൂന്ന് പേർക്ക് വരെ ഒരേസമയം ഇരുന്ന് ആടാവുന്ന തരത്തിൽ വിവിധ വലുപ്പത്തിലും ലഭ്യമാണ്. ഏറ്റവും വലിയ ഊഞ്ഞാലിലെ തടിപ്പലകയ്ക്ക് നാലടിയാണ് നീളം. 80 മുതൽ 120 കിലോവരെ ഇത് താങ്ങും. വീടിന് പുറത്തും അകത്തും കെട്ടാം. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് കയറിന്റെ നീളവും കൂട്ടികൊടുക്കും.
പ്രവാസിമലയാളികളും ജർമനി, ഫ്രാൻസ്, ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലെ വിദേശികളും ഊഞ്ഞാൽ തേടിയെത്തുന്നുണ്ട്. തോണ്ടൻകുളങ്ങരയ്ക്ക് സമീപമുള്ള കടയിലാണ് നഗരത്തിൽ കൂടുതൽ ഊഞ്ഞാലുകൾ വില്പനയ്ക്ക് എത്തിയിട്ടുള്ളത്.
കട്ടികൂടിയ തടിയും വലിപ്പമുള്ള കയറും
ഫർണീച്ചറിന് ഉപയോഗിക്കുന്ന അക്കേഷ്യതടിയാണ് ഊഞ്ഞാലിന് കൂടുതലായും ഉപയോഗിക്കുന്നത്
മൂന്നുപേർക്ക് ഒരേസമയം ഇരുന്ന് ആടാവുന്ന ഊഞ്ഞാൽ പ്ലാവ് തടിയിലാണ് തീർത്തിരിക്കുന്നത്
കട്ടികൂടിയ തടിയും വലിപ്പമുള്ള കയറുമാണ് ഇതിന് ഉപയോഗിക്കുന്നത്
ആറുവർഷം വരെ തുടർച്ചയായി ഉപയോഗിക്കാമെന്ന ഗ്യാരണ്ടിയും ഉത്പാദകർ നൽകുന്നു.
വില: 360 മുതൽ 1400 രൂപവരെ
വഴിയോരത്ത് കെട്ടിയിട്ടിരിക്കുന്ന ഊഞ്ഞാൽ കണ്ടാണ് പലരും വാങ്ങാനെത്തുന്നത്. ദിവസം പത്തെണ്ണം വരെ ചെലവാകും
- ജോമോൻ, കടയുടമ