ചേർത്തല: മുട്ടം ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം രജതജൂബിലി നിറവിൽ. ഒന്നര നൂറ്റാണ്ടിനു മുമ്പ് 1864ൽ തിരുക്കുടുംബ വിലാസം ലോവർ പ്രൈമറി സ്‌കൂളായി പ്രവർത്തനം തുടങ്ങിയ സ്‌കൂളാണ് 1964ൽ അപ്പർ പ്രൈമറിയായും 1976ൽ ഹൈസ്‌കൂളായും ഉയർത്തിയത്. 2000ത്തിലാണ് സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങിയത്. രജതജൂബിലി ആഘോഷം സ്‌കൂളിന്റെ വികസന പദ്ധതികൾ ഉൾപ്പടെ ഒരുവർഷം നീളുന്ന പരിപാടികളോടെയാണ് നടത്തുന്നത്. ഇതിനായി ഒരുക്കങ്ങൾ പൂർത്തിയായതായി സ്‌കൂൾ മാനേജർ ഫാ.ആന്റോചേരാംതുരുത്തി,പ്രിൻസിപ്പൽ വി.എച്ച്.ആന്റണി,പി.ടി.എ പ്രസിഡന്റ് അഡ്വ.ജാക്സൺമാത്യു,പ്രഥമാദ്ധ്യാപിക എം.മിനി,സ്റ്റാഫ് സെക്രട്ടറി വി.ശ്രീഹരി,സി.ഇ.അഗസ്റ്റിൻ എന്നിവർ അറിയിച്ചു. ഇതിനൊപ്പം എൽ.പി സ്‌കൂളിന്റെ മില്ലേനിയം ബ്ലോക്കും,ഉച്ചഭക്ഷണ വിതരണകേന്ദ്രവും,ഹൈസ്‌കുളിൽ മുൻ എം.പി എ.എം.ആരിഫിന്റെ പ്രാദേശിക വികസന പദ്ധതിയിൽ നിന്ന് നടപ്പാക്കിയ കമ്പ്യൂട്ടർ ലാബും തുറക്കും.
ആഘോഷങ്ങളുടെ ഉദ്ഘാടനവും ഹയർസെക്കൻഡറി ഓഫീസ് ഉദ്ഘാടനവും 13ന് വൈകിട്ട് 3ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. സമ്മേളനത്തിൽ മാനേജർ ഫാ.ആന്റോചേരാംതുരുത്തി അദ്ധ്യക്ഷനാകും.നഗരസഭചെയർപേഴ്സൺ ഷേർളിഭാർഗവൻ ലോഗോപ്രകാശനം ചെയ്യും.ഹയർ സെക്കൻഡറി മേഖലാ ഡപ്യൂട്ടി ഡയറക്ടർ വി.കെ.അശോക് കുമാർ മുഖ്യപ്രഭാഷണവും,ഫാ.ജോൺതെക്കനത്ത് അനുഗ്രഹ പ്രഭാഷണവും നടത്തും.