ആലപ്പുഴ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ മുക്ത കെ.എസ്.ആർ.ടി.സി എന്ന ലക്ഷ്യവുമായി മാർച്ച് 30ന് കെ.എസ്.ആർ.ടി.സിയിൽ സീറോ വേസ്റ്റ് ക്യാമ്പയിന് തുടക്കമാകും. ജില്ലാപഞ്ചായത്ത് ഹാളിൽ എച്ച്.സലാം എം.എൽ.എ കർമ്മ പരിപാടിയുടെ കരട് രേഖ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ്.കവിതയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. എ.ടി.ഒ എ.അജിത്ത് സ്വാഗതം പറഞ്ഞു. കർമ്മപരിപാടിയുടെ അവതരണം സ്റ്റേറ്റ് കോർഡിനേറ്റർ എസ്.എസ്.സരിൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ചർച്ചകൾ ക്രോഡീകരിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്ന ഏറ്റവും നല്ല ഡിപ്പോയ്ക്ക് ജില്ലാ പഞ്ചായത്ത് അംഗീകാരം നൽകും.
വാർഡ് കൗൺസിലർ എം.ജി.സതീദേവി, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ഇ.വിനോദ് കുമാർ,​ നവകേരളം കാമ്പയിൻ കോർഡിനേറ്റർ കെ.എസ്.രാജേഷ്, എൽ.എസ്.ജി.ഡി അസി. ഡയറക്ടർ സി.കെ.ഷിബുകുമാർ, മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർ ബിജോയ്, ഐ.ആർ.ടി.സി കോർഡിനേറ്റർ ജാഫർ ഷെറീഫ്, പി.ജയരാജ് തുടങ്ങിയവർ സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വൈ.ജയകുമാരി നന്ദി പറഞ്ഞു.