ആലപ്പുഴ: പക്ഷിപനി നിയന്ത്രണ വിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനും വേണ്ടി പുറപ്പെടുവിച്ചിട്ടുള്ള ഗസറ്റ് വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. 2024 ഡിസംബർ 31വരെ ഹാച്ചറികളുടെ പ്രവർത്തനം നിറുത്തി വയ്ക്കുന്നതിനും എല്ലാത്തരം വളർത്തു പക്ഷികളുടെയും ജില്ലയിൽ നിന്ന് പുറത്തേക്കും, മറ്റു ജില്ലകളിൽ നിന്ന് അകത്തേക്കുമുള്ള കടത്ത് പൂർണ്ണമായി തടയും. പൊലീസും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി അതിർത്തി പഞ്ചായത്തുകളിൽ നിരീക്ഷണം ശക്തമാക്കും. ജില്ലയുടെ ഭക്ഷ്യാവശ്യത്തിനായി സംസ്‌കരിച്ച കോഴി, താറാവ് ഇറച്ചി മറ്റു ജില്ലകളിൽ നിന്ന് കൊണ്ടുവരാം.
വിരിയിക്കാൻ വച്ച മുട്ടകൾ നശിപ്പിക്കും
നിലവിൽ ഹാച്ചറികളിൽ വിരിയിക്കുവാൻ വച്ചിരിക്കുന്ന മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും
ഈ ഉത്തരവിന് ശേഷം വിരിയിക്കുവാനായി വയ്ക്കുന്ന മുട്ടകൾ നഷ്ടപരിഹാരം നൽകാതെ നശിപ്പിക്കും
ജില്ലയിൽ നിലവിൽ വളർത്തുപക്ഷികളുള്ള കർഷകർ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ചുമാത്രം അവയെ വളർത്തണം
അവയുടെ മാംസവും മുട്ടകളും ജില്ലയിൽ തന്നെ ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിക്കേണ്ടതുമാണ്