പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീമാത്താനം ഭഗവതീ ക്ഷേത്രത്തിൽ നിന്ന് പുലർച്ചെ കരുനാഗപള്ളിയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ നടന്ന സാമൂഹ്യ വിരുദ്ധ ആക്രമണത്തിൽ ശ്രീമാത്താനം ദേവസ്വം പ്രതിഷേധിച്ചു. തിങ്കളാഴ്ച സർവീസ് മുടങ്ങിയിരുന്നു. പുലർച്ചെ സർവീസ് ആരംഭിക്കുന്നതിനായി ഡ്രൈവർ എത്തിയപ്പോഴാണ് ബസിന്റെ ബോണറ്റ് ഉയർത്തിവച്ചിരിക്കുന്നതും വയറിംഗ് കട്ട് ചെയ്തിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സി.സി.ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. ബസിനകത്ത് കയറിയാണ് ഇലക്ട്രിക് സംവിധാനം തകർത്തത്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണെമെന്ന് ദേവസ്വം കമ്മറ്റി ആവശ്യപ്പെട്ടു. ദേവസ്വം പ്രസിഡന്റ് എം.മുരളീധരൻ കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ.മുകുന്ദൻ,വൈസ് പ്രസിഡന്റുമാരായ കെ.എസ്.സുജിത്ത്,ധർമ്മജൻ,ഖജാൻജി കെ.പി.ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. ദിവസേന രാവിലെ 5.20ന് പുറപ്പെടുന്ന ബസ് മാത്താനം ക്ഷേത്രത്തിന് സമീപത്താണ് രാത്രിയിൽ സ്റ്റേ ചെയ്യുന്നത്. ആലപ്പുഴ,കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന നിരവധി യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്നതാണ് പുലർച്ചെയുള്ള ഈ സർവീസ്.