
ആലപ്പുഴ: തൊണ്ണൂറുകളിലെ ഗൃഹാതുരമായ ഓണക്കാലം തിരികെ കൊണ്ട് വരികയാണ് ചിങ്ങപ്പൂ എന്ന ഓണപ്പാട്ട്. ദൂരദർശനിലെ ലളിതഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന വരികളും സംഗീതവും ദൃശ്യാവിഷ്‌കാരവും ഒത്തിണക്കിയാണ് ഗാനോപഹാരം തയ്യാറായിരിക്കുന്നത്. 'കഴിഞ്ഞുപോയകാലം കാറ്റിനക്കാരെ' എന്ന് തുടങ്ങുന്ന മലയാളികളുടെ ഗൃഹാതുര ഗാനത്തിന്റെ സൃഷ്ടാവ് ഇ.വി.വത്സനും, പുതുതലമുറ എഴുത്തുകാരൻ ജി.കണ്ണനുണ്ണിയും ഒന്നിക്കുന്ന ഓണപ്പാട്ടാണ് ചിങ്ങപ്പൂ. ഉത്രാടനാളിൽ യുവ എഴുത്തുകാരുടെയും ഉത്സവഗാന പ്രേമികളുടെയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങുന്നത്. ആലപ്പുഴ സ്വദേശി ജി.കണ്ണനുണ്ണിയുടെ വരികൾക്ക് വത്സൻ ഈണം പകർന്ന് വൈഷ്ണവി ആലപിച്ച ഗാനം മൊബൈൽ ഫോണിൽ എഡിറ്റ് ചെയ്ത് ദൃശവത്കരിച്ചത് രാജൻ സോമസുന്ദരമാണ്.
ആറുപതിറ്റാണ്ട് കാലത്തെ സംഗീത ജീവിതത്തിൽ ആയിരത്തോളം ലളിതഗാനങ്ങൾ സമ്മാനിച്ചയാളാണ് വടകര സ്വദേശി ഇ.വി.വത്സൻ. മലയാളത്തിലെ ആദ്യത്തെ അക്കാപ്പെല്ല രീതിയിലുള്ള ഭക്തിഗാനം ആളൊഴിഞ്ഞ സന്നിധാനം എന്ന പേരിൽ ഒരുക്കി റെക്കാഡ് സൃഷ്ടിച്ചയാളാണ് കണ്ണനുണ്ണി.കഴിഞ്ഞ ഓണക്കാലത്ത് ഓണക്കനി എന്ന പേരിൽ മോഷൻ പിക്ചർ അനിമേഷൻ ഗാനമൊരുക്കി ശ്രദ്ധനേടിയിരുന്നു കണ്ണനുണ്ണിയും രാജൻ സോമസുന്ദരവും.ബാലസാഹിത്യകാരനും, റേഡിയോ അവതാരകനും, മിമിക്രി കലാകാരനും കൂടിയാണ് ജി.കണ്ണനുണ്ണി.