ആലപ്പുഴ: മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 വരെ ബഹുജന പങ്കാളിത്തത്തോടെ നടത്തുവാൻ ആലപ്പുഴ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭാതല കർമ്മസമിതി രൂപീകരണത്തിനു മുന്നോടിയായുള്ള പ്രത്യേക കൗൺസിൽ ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകി.23ന് വിപുലമായ ജനകീയ കർമ്മസമിതി രൂപീകരിക്കും. ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ വകുപ്പുതല മേധാവികൾ, വില്ലേജ് ഓഫീസർമാർ, സഹകരണ ബാങ്ക് ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി, യുവജന, സന്നദ്ധ, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, റെസിഡന്റ്സ്, കുടുംബശ്രീ, ഹരിതകർമ്മസേന കൺസോഷ്യം ഭാരവാഹികൾ തുടങ്ങിയവർ നിർവ്വഹണ സമിതി യോഗത്തിൽ പങ്കെടുക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡുതലത്തിലും നിർവ്വഹണ സമിതികൾ ഘടനാപരമായി രൂപീകരിക്കും. നഗരസഭ ചെയർപേഴ്‌സൺ കെ.കെ ജയമ്മ അദ്ധ്യക്ഷത വഹിച്ച കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി സൗമ്യരാജ്, കക്ഷിനേതാക്കളായ അഡ്വ.റീഗോരാജു, പി.രതീഷ്, കൗൺസിലർമാരായ ബി.മെഹബൂബ്, മനു ഉപേന്ദ്രൻ, എൽജിൻ റിച്ചാർഡ്, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, തുടങ്ങിയവർ സംസാരിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഒന്നാംഘട്ടം ഒക്ടോബറിൽ പൂർത്തിയാകും

മാലിന്യമുക്ത നവകേരളം ഒന്നാംഘട്ട ക്യാമ്പയിന്റെ ഭാഗമായ പ്രവർത്തനങ്ങൾ ഒക്ടോബർ 31നകം പൂർത്തീകരിക്കും. ജനറൽ ആശുപത്രിയിലെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ്, ആലിശ്ശേരി എം.സി.എഫ്, പൊതു സ്‌കൂൾ ടൊയ്‌ലറ്റുകളുടെ നവീകരണം, കനാൽ സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങീ പ്രധാന പദ്ധതികളുടെ ഉദ്ഘാടനം നടത്തും. ക്യാമ്പയിന്റെ ഭാഗമായി മുതൽ ഒക്ടോബർ 2 വരെ ശുചീകരണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഓഫീസുകൾ, സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റേഷനുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തും.