
മാന്നാർ: പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഓട്ടുപാത്ര നിർമ്മാണ,വിപണന മേഖലക്ക് ഉണർവേകാൻ ഓണവിപണിക്ക് സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണ് മാന്നാറിലെ ഓട്ടുപാത്ര വ്യാപാരികൾ. കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ മാന്നാർ ടൗണിന്റെ ഇരുവശങ്ങളിലും നിരന്നിരിക്കുന്ന ഓട്ടുപാത്രങ്ങളുടെ തിളക്കവും സൗന്ദര്യവും ഏവരെയും ആകർഷിക്കും.
പരുമലക്കടവ് മുതൽ തൃക്കുരട്ടി മഹാദേവർക്ഷേത്രം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമായി ഇരുപത്തഞ്ചോളം ഓട്ടുപാത്ര വിപണന ശാലകളുണ്ട്. ഉപ്പേരി വറുക്കുന്നതിനും പായസവും മറ്റും പാചകം ചെയ്യുന്നതിനും പൊടികൾ വറുക്കുന്നതിനും പ്രധാനമായും ഉപയോഗിക്കുന്നത് ഓട്ടുരുളിയാണ്. കിലോയ്ക്ക് 800 രൂപാ മുതലാണ് ഇവയുടെ വില. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വെങ്കലപാത്ര നിർമാണവും വിപണനവും നടത്തുന്നുണ്ടെങ്കിലും മാന്നാറിലെ ഉത്പന്നങ്ങൾക്ക് ഗുണമേന്മയുള്ളതിനാലാണ് ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഓട്ടുപാത്രങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ മാന്നാറിലെത്തുന്നത്.
ആരാധനാലയങ്ങൾക്കാവശ്യമായ കൊടിമരം,വിഗ്രഹങ്ങൾ, മണികൾ, വാർപ്പ്, ഉരുളി എന്നിവയും വീട്ടാവശ്യങ്ങൾക്കുള്ള ഓട്ടുപാത്രങ്ങൾ, നിലവിളക്കുകൾ എന്നിവയാണ് പ്രധാനമായും മാന്നാറിൽ നിർമ്മിച്ചിരുന്നത്. നൂറുകണക്കിന് പരമ്പരാഗത ആലകളും നിരവധി ചെറുകിടനിർമ്മാണ സ്ഥാപനങ്ങളും ഉണ്ടായിരുന്ന മാന്നാറിൽ ഇന്ന് ഇവയിൽ വിരലിലെണ്ണാവുന്നവ മാത്രമേ അവശേഷിക്കുന്നുള്ളൂ. അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധനവും നിർമ്മാണച്ചെലവ് കൂടിയതും ഓട്ടുപാത്ര നിർമാണ വിപണനമേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഓണത്തിന് ഡിമാൻഡ് ഓട്ടുരുളിയ്ക്ക്
 ചിങ്ങമാസത്തിൽ വിവാഹ - ഗൃഹപ്രവേശന ചടങ്ങുകൾ കൂടുതലായതിനാൽ ഓട്ടുപാത്രങ്ങളും കൂടുതൽ ചെലവാകും
 ഓണക്കാലത്ത് പുതിയ ഓട്ടുപാത്രങ്ങൾ വാങ്ങാൻ വീട്ടമ്മമാരും പൊതുവേ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്
 ഓണം ലക്ഷ്യമാക്കി വലിയ സ്റ്റോക്ക് ഇറക്കി കാത്തിരിക്കുകയാണ് മാന്നാറിലെ ഓട്ടുപാത്ര വ്യാപാരികൾ
 പരമ്പരാഗതരീതിയിൽ നിർമ്മിച്ച നാടൻ ഓട്ടുരുളിയ്ക്കും വെള്ളോടിൽ തീർത്ത ഉരുളിയ്ക്കുമാണ് ഓണവിപണിയിൽ ഡിമാൻഡ്
800
ഓട്ടുരുളിയുടെ വില കിലോയ്ക്ക് 800 രൂപ മുതൽ
മറ്റ് മേഖലകളെപ്പോലെ പ്രതിസന്ധികളിലൂടെയാണ് മാന്നാറിലെ ഓട്ടുപാത്ര വ്യാപാര മേഖലയും കടന്നുപോകുന്നത്. രണ്ട് ഡസനിലധികം വരുന്ന ഓട്ടുപാത്ര വ്യാപാരികൾക്കും അതിനെ ആശ്രയിച്ച് കഴിയുന്ന നൂറോളം തൊഴിലാളികൾക്കും ചിങ്ങ മാസം ഏറെ പ്രതീക്ഷകളാണ് നൽകുന്നത്."
- നിസാർ ചേലക്കാട്ട്(ഐശ്വര്യ ഹാന്റിക്രാഫ്റ്റ്‌സ് ഉടമ)
മുൻകാലങ്ങളിൽ ഓട്ടുപാത്ര വിപണന കേന്ദ്രങ്ങളിൽ ചിങ്ങമാസത്തിലാണ് ഏറെ തിരക്കനുഭവപ്പെട്ടിരുന്നത്. എന്നാൽ ചിങ്ങ മാസം തീരാറായിട്ടും ഇക്കുറി ഓട്ടുപാത്ര വിപണി സജീവമാകാത്തതിൽ ആശങ്കയുണ്ട്
- സതീഷ് മഹാലക്ഷ്മി (മഹാലക്ഷ്മി മെറ്റൽസ് ഉടമ)