ആലപ്പുഴ: പാവപ്പെട്ടവർക്കും ദുർബലർക്കും വേണ്ടി സ്വരം ഉയർത്തിയ ഒരു ജനപ്രിയ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചിച്ചു. സമർപ്പണവും ലാളിത്യവും കൊണ്ട് രാഷ്ട്രീയ ജീവിതം തിളക്കമുള്ളതാക്കാൻ യെച്ചൂരിക്ക് ആയിട്ടുണ്ട്. യെച്ചൂരിയുടെ നിര്യാണം ഇന്ത്യ മുന്നണിക്കും രാഷ്ട്രത്തിനും വലിയ നഷ്ടമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ താത്വികവും പ്രായോഗികവുമായ ശബ്ദമായിരുന്നു യെച്ചൂരിയുടെത്. സമഗ്രമായ പഠനശേഷിയും വിശദമായ ചിന്താശേഷിയുമുള്ള യെച്ചൂരി, ദേശീയതാല്പര്യങ്ങൾക്കും ജനക്ഷേമത്തിനും പ്രാധാന്യം നൽകിയ പാർലമെന്ററി പ്രവർത്തനം കാഴ്ചവച്ച നേതാവായിരുന്നുവെന്ന് കൊടിക്കുന്നിൽ അനുസ്മരിച്ചു.