thakkoldanam

മാന്നാർ: എല്ലാവർക്കും വാസയോഗ്യമായ വീടെന്ന ലക്ഷ്യവുമായി ഒന്നാം പിണറായി സർക്കാർ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയിലും ദുർബലവിഭാഗങ്ങൾക്കായുള്ള പ്രത്യേക പദ്ധതികളിലുമായി പത്ത് ലക്ഷം വീടുകൾ പൂർത്തീകരിക്കുകയെന്ന ചരിത്ര നേട്ടത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാന്നാർ കെ.ആർ.സി വായനശാലയുടെ ആഭിമുഖ്യത്തിൽ സുമനസുകളുടെ സഹായത്തോടെ കുരട്ടിക്കാട് തറയിൽ കിഴക്കേതിൽ ഓമനയമ്മയ്ക്ക് നിർമ്മിച്ച് നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനവും സാംസ്കാരിക സമ്മേളന ഉദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു സജി ചെറിയാൻ. കെ.ആർ.സി വായനശാല പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാദാസ് ഓണക്കിറ്റ് വിതരണം നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി രത്നകുമാരി നിർവഹിച്ചു. സ്നേഹ ഭവനത്തിന്റെ ഇലക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ സൗജന്യമായി പൂർത്തീകരിച്ച് നൽകിയ ഹാറൂൺ മജീദിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.ലൈബ്രറി കൗൺസിൽ സംസ്ഥാനസമിതിയംഗം ജി.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനിരഘുനാഥ്, വി.ആർ ശിവപ്രസാദ്, വത്സലാബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം സുജാത മനോഹരൻ, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് സത്യപ്രകാശ്, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി റഷീദ് പടിപ്പുരയ്ക്കൽ, മാന്നാർ മർച്ചന്റ്‌സ് അസോസിയേഷൻ രക്ഷാധികാരി മാന്നാർ അബ്ദുൽ ലത്തിഫ്, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എൻ.ശെൽവരാജൻ, കലാധരൻ കൈലാസം, വായനശാല സെക്രട്ടറി കെ.എ.സുരേഷ്, രഞ്ജിത്.കെ.ആർ എന്നിവർ സംസാരിച്ചു.