ആലപ്പുഴ : ദേശീയപാതയിൽ ചേപ്പാട് മുതൽ ഓച്ചിറവരെയുള്ള ഭാഗത്തെ കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നിത്യേന ഇവിടെയുണ്ടാകുന്നത്.
കൃഷ്ണപുരം പാലം, കെ.പി.എ.സി ജംഗ്ഷൻ, ഒ.എൻ.കെ ജംഗ്ഷൻ, ഓവർബ്രിഡ്ജ്,എം.എസ്.എം കോളേജ്, കൊറ്റുകുളങ്ങര, കരീലക്കുളങ്ങര, മാളിയേക്കൽ, രാമപുരം, ചേപ്പാട് എന്നിവിടങ്ങളിലാണ് റോഡ് ഏറ്റവും കൂടുതൽ തകർന്നുകിടക്കുന്നത്.
ചെറുതും വലുതുമായ നൂറുകണക്കിന് കുഴികളാണ് ഇവിടങ്ങളിലുള്ളത്. കാലവർഷത്തിന് തൊട്ടുമുമ്പ് കുഴികൾ താത്കാലികമായി അടച്ചെങ്കിലും മഴയിൽ ഇവ വീണ്ടും വലിയ ഗർത്തങ്ങളായി മാറി.
ഇരുട്ടിൽ തപ്പിത്തടയും
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വഴിവിളക്കുകൾ നീക്കം ചെയ്തു
സന്ധ്യമയങ്ങിയാൽ ദേശീയ പാത അപ്പാടെ കൂരിരുട്ടിലാകുന്ന സ്ഥിതിയാണ്
റോഡരികിലെ വീടുകളിലോ കടകളിലോ നിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം.
ഇരുട്ടുവീണ പാതയിൽ യാത്രക്കാർക്ക് സ്ഥലങ്ങൾപോലും തിരിച്ചറിയാനാകില്ല
അപായ സൂചനയില്ല
ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ റോഡ് വേർതിരിച്ച് അപായ സൂചനകളോ ആവശ്യമായ വെളിച്ചത്തിനുള്ള ക്രമീകരണങ്ങളോ നിർമ്മാണക്കമ്പനി നടത്തിയിട്ടില്ല.
റോഡ് ഇത്രമാത്രം തകർന്നുകിടന്നിട്ടും ഇതിൽ ഇടപെടാനോ കുഴികൾ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ദേശീയപാത അതോറിട്ടിയുടെ ഓഫീസ് ആലപ്പുഴയിൽ നിന്ന് മാറ്റിയതോടെ പരാതി പറയാൻ പോലും സംവിധാനമില്ലാത്ത സ്ഥിതിയാണ്.
- സത്യപാലൻ ,കരീലകുളങ്ങര