ആലപ്പുഴ: ഓണക്കാലം മുതലാക്കി ഭക്ഷണസാധനങ്ങളിലും പാനീയങ്ങളിലും കൃത്രിമം നടത്തിയാൽ കുടുങ്ങും. ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ഈമാസം 18 വരെയാണ് പരിശോധന. പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിക്‌സ്, ശർക്കര, നെയ്യ്, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നീ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഊർജിതമാക്കി. ജില്ലയിൽ പരിശോധനയ്ക്കായി സ്‌പെഷ്യൽ സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, നിർമ്മാണ യൂണിറ്റുകൾ, വഴിയോര കച്ചവടസ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള പരിശോധനാ സംഘങ്ങൾക്ക് പുറമേ മൊബൈൽ സ്ക്വാഡുകളും സ്പെഷ്യൽ ഡ്രൈവിൽ പങ്കെടുക്കുന്നുണ്ട്.

പച്ചക്കറി സാമ്പിളുകളും ശേഖരിക്കും

1.ഓണത്തിന് ഏറ്റവും ആവശ്യക്കാരുള്ള വിഭവമാണ് ഉപ്പേരി. ഏത്തൻ, ചീനി, പൊട്ടറ്റോ, ചക്ക തുടങ്ങി വിവിധ തരത്തിലുള്ള ഉപ്പേരികളുടെ വിൽപ്പന നാടാകെ തകൃതിയാണ്. ഉപ്പേരി നിർമ്മാണത്തിന് ഉപയോഗിക്കുന്ന എണ്ണകൾ ഭക്ഷ്യയോഗ്യമാണോയെന്നും വറ്റലിന് ആകർഷകമായ നിറങ്ങൾക്കായി രാസവസ്തുക്കളോ കൃത്രിമ നിറങ്ങളോ നൽകുന്നുണ്ടോയെന്നും പരിശോധിക്കും

2.പായസക്കിറ്റുകൾ, ശർക്കര, പാൽ തുടങ്ങിയവയെല്ലാം പരിശോധനാവിധേയമാകും. കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അരിപ്പൊടികളുടെ കൂടുതൽ സാമ്പിളുകൾ ശേഖരിക്കാനും നിർദേശമുണ്ട്. വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ഭക്ഷ്യഎണ്ണകളിലെ കൃത്രിമം കണ്ടെത്താനും പരിശോധന ശക്തമാക്കിയിട്ടുണ്ട്

3. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പച്ചക്കറികളുടെ സാമ്പിളുകളും ശേഖരിക്കും. തമിഴ്നാട്ടിൽ നിന്ന് ഓണ വിപണി ലക്ഷ്യമാക്കി വിഷ പച്ചക്കറികളെത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇത്. ചെക്ക് പോസ്റ്റുകളിലുൾപ്പെടെ വാഹനങ്ങൾ പരിശോധിച്ച് പാൽ, പച്ചക്കറി എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തീരുമാനം

ജില്ലയിൽ പരിശോധന ശക്തമാണ്. വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മൊബൈൽ ലാബിന്റെ സേവനവും ഉപയോഗപ്പെടുത്തി വരികയാണ്

- ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം, ആലപ്പുഴ